ദില്ലി: പഠിച്ചിട്ടില്ല, ജോലി ഓറഞ്ച് വിൽപ്പന, പക്ഷേ ഒരു ഗ്രാമത്തിനായി സ്കൂൾ നിർമ്മിച്ചു ഹരേകല ഹജ്ജബ്ബ, ഒടുവിൽ തന്റെ പ്രയത്നത്തെ അംഗീകരിച്ച് രാജ്യം അദ്ദേഹത്തിന് പത്മ പുരസ്കാരം നൽകി. ഇത് ഒരു സിനിമാ കഥയല്ല, കഥകളെ പോലും വെല്ലുന്ന ജീവതയാഥാർത്ഥ്യം. കർണാടകയിലെ മംഗലാപുരം സ്വദേശിയാണ് ഹജ്ജബ്ബ. ഒരിക്കൽപ്പോലും സ്കൂൾ പടി ചവിട്ടാൻ ഭാഗ്യമുണ്ടായിട്ടില്ല ഹജ്ജബ്ബയ്ക്ക്. എന്നാൽ മംഗലാപുരത്തെ ഉൾഗ്രാമമായ ഹരേകാല ന്യൂപഡ്പുവിൽ അദ്ദേഹം സ്കൂൾ നിർമ്മിച്ചു. തനിക്ക് ലഭിക്കാത്ത വിദ്യാഭ്യാസം തന്റെ നാട്ടിലെ കുഞ്ഞുമക്കൾക്ക് ലഭിക്കണമെന്ന ആ മനുഷ്യന്റെ നിശ്ചയദാർഢ്യത്തിനാണ് രാജ്യം ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നായ പത്മശ്രീ നൽകിയത്.
സ്കൂൾ നിർമ്മിച്ച് ഗ്രാമീണ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചതിനാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. 66 കാരനായ അധഃസ്ഥിത വിഭാഗത്തിൽ നിന്നുള്ള 175 കുട്ടികൾ ഇന്ന് ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. ഹജ്ജബ്ബ 1977 മുതൽ മംഗലാപുരം ബസ് സ്റ്റാന്റിൽ ഓറഞ്ച് കുട്ടയിലാക്കി വിൽപ്പന നടത്തുകയാണ്. ഇതുവരെ സ്കൂളിൽ പോയിട്ടില്ല, വായിക്കാനോ എഴുതാനോ അറിയില്ല, ഈ ഗതി വരുന്ന തലമുറയ്ക്ക് ഉണ്ടാകരുതെന്ന ചിന്ത ഹജ്ജബ്ബയിലുണ്ടായത് 1978 ലാണ്.
അന്ന് മംഗലാപുരത്ത് ഓറഞ്ച് വിൽക്കുന്നതിനിടെ ഒരു വിദേശി അദ്ദേഹത്തിന് മുന്നിലെത്തി, ഓറഞ്ചിന്റെ വില ചോദിച്ചു. അന്ന് ആ വിദേശിക്ക് മറുപടി നൽകാൻ അറിയാതെ പോയതിലും അദ്ദേഹത്തെ സഹായിക്കാനാകാതിരുന്നതിൽ നിന്നുമാണ് ഹജ്ജബ്ബ തന്റെ ഗ്രാമത്തിൽ സ്കൂൾ നിർമ്മിക്കണം എന്ന ആലോചിച്ച് തുടങ്ങുന്നത്.
ആ വിദേശിയുമായി എനിക്ക് സംവദിക്കാനായില്ല. എനിക്ക് അത് വളരെ മോശമായി തോന്നി, അങ്ങനെ ഒരു സ്കൂൾ നിർമ്മിക്കുന്നതിനെ കുറിച്ച് ഞാൻ ആലോചിച്ച് തുടങ്ങി.- ഹജ്ജബ്ബ എഎൻഐ യോട് പറഞ്ഞു. എനിക്ക് ആകെ അറിയാവുന്നത് കന്നഡയാണ്. ഇംഗ്ലീഷോ ഹിന്ദിയോ എനിക്ക് അറിയില്ല. ആ വിദേശിയെ സഹായിക്കാനായില്ലല്ലോ എന്നോർത്ത് ഞാൻ സമ്മർദ്ദത്തിലായി. എന്റെ ഗ്രാമത്തിൽ എന്തുകൊണ്ട് സ്കൂൾ നിർമ്മിച്ചുകൂടാ എന്ന് ഞാൻ ആലോചിച്ചു. – അദ്ദേഹം കൂട്ടിച്ചേർത്തു.
പിന്നെയും രണ്ട് ദാശാബ്ദത്തിന് ശേഷമാണ് സ്കൂളെന്ന ഹജ്ജബ്ബയുടെ സ്വപ്നം യാഥാർത്ഥ്യമായത്. അന്തരിച്ച മുൻ എംഎൽഎ യുടി ഫരീദാണ് 2000 ൽ സ്കൂളിന് അനുമതി നൽകുന്നത്. അക്ഷര സന്ത (Letter Saint) എന്ന പേരും ഹജ്ജബ്ബ കണ്ടെത്തിയിരുന്നു. 28 കുട്ടികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഇന്ന് 10ാം ക്ലാസ് വരെ ഉള്ള ഈ സ്കൂളിൽ 175 കുട്ടികൾ പഠിക്കുന്നുണ്ട്.
ഈ പുരസ്കാരങ്ങളിൽനിന്നെല്ലാം ലഭിക്കുന്ന സമ്മാനത്തുക കൊണ്ട് തന്റെ ഗ്രാമത്തിൽ കൂടുതൾ സ്കൂളുകൾ നിർമ്മിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. എന്താണ് അടുത്ത ലക്ഷ്യം എന്ന ചോദ്യത്തിന് ഇതുതന്നെയാണ് അദ്ദേഹത്തിന്റെ മറുപടി, കൂടുതൽ സ്കൂളുകളും കോളേജുകളും നിർമ്മിക്കണം. അതിനായി ധാരാളം സംഭാവനകൾ ലഭിക്കുന്നുണ്ട്. തന്റെ സമ്മാനത്തുകയും ചേർത്ത് ഭൂമി വാങ്ങണം…
പതിനൊന്നും പത്രണ്ടും ക്ലാസുകൾ ഉള്ള പ്രീ യൂണിവേഴ്സിറ്റി തുടങ്ങണമെന്ന് ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുകയാണ്. – അദ്ദേഹം പറഞ്ഞു. ഒപ്പം പ്രധാനമന്ത്രി, രാഷ്ട്രപതി, എംഎൽഎ യുടി ഖാജർ എന്നിവർക്കും അദ്ദേഹം നന്ദി അറിയിച്ചു. ജനുവരി 2020 ൽ ആണ് പദ്മ അവാർഡുകൾ പ്രഖ്യാപിച്ചതെങ്കുലും കൊവിഡ് മാനദണ്ഡങ്ങൾ കാരണം പുരസ്കാര വിതരണം നീണ്ടുപോകുകയായിരുന്നു. നവംബർ എട്ടിനാണ് രാഷ്ട്രപതി രാംനാഥ് കൊവിന്ദിൽ നിന്ന് ഹജ്ജബ്ബ പുരസ്കാരം ഏറ്റുവാങ്ങിയത്.