എസ്.ഡി.പി.ഐ പ്രാഥമികാംഗത്വവും ദേശീയ സെക്രട്ടറി സ്ഥാനവും രാജി വെച്ച് ഡോ. തസ്‌ലീം റഹ്‌മാനി

0
280

ന്യൂഡല്‍ഹി: എസ്.ഡി.പി.ഐ പ്രാഥമികാംഗത്വവും ദേശീയ സെക്രട്ടറി സ്ഥാനവും രാജി വെച്ച് ഡോ. തസ്‌ലീം റഹ്‌മാനി. ദേശീയ പ്രസിഡന്റ് എം.കെ ഫൈസിക്ക് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. രാജിക്കത്ത് അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിട്ടുണ്ട്.

അംഗത്വമടക്കം രാജിവെച്ചെങ്കിലും എസ്.ഡി.പി.ഐയുടെ ആശയത്തെയും പ്രവര്‍ത്തനത്തെയും താന്‍ ആദരിക്കുന്നുവെന്ന് അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി എന്നതിനേക്കാള്‍, കോര്‍പ്പറേറ്റ് കമ്പനി എന്ന നിലയിലാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനം അദ്ദേഹം ഉന്നയിക്കുന്നു.

‘നയങ്ങള്‍ നടപ്പാക്കുന്നത് കോര്‍പ്പറേറ്റ് രീതിയിലാണ്. പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്ന രാഷ്ട്രീയ സ്വഭാവം കൊണ്ടുവരാന്‍വേണ്ടി നയങ്ങളും രീതികളും മാറ്റാന്‍ താന്‍ പലതവണ ശ്രമിച്ചു. എന്നാല്‍ അതിന് അനുകൂലമായ പൊതുഅഭിപ്രായം പാര്‍ട്ടിയിലുണ്ടായില്ല. അനുകൂലമായ തെരഞ്ഞെടുപ്പ് നയവുമുണ്ടായില്ല. പൊതുജനങ്ങളെ ആകര്‍ഷിക്കുകയും മാധ്യമശ്രദ്ധനേടുകയും ചെയ്യുന്ന വ്യക്തിത്വങ്ങള്‍ പാര്‍ട്ടിക്കുണ്ടായില്ല’ തസ്ലീം റഹ്‌മാനി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ സമീപനം വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയും സമുദായത്തിന്റെ വിഭവങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യുകയേ ഉള്ളൂവെന്നും അദ്ദേഹം വിമര്‍ശിച്ചു. ലക്ഷ്യം നേടാത്ത പ്രവര്‍ത്തനം തനിക്ക് സഹിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ പാര്‍ട്ടിയെയും അരികുവത്കരിക്കപ്പെട്ട ജനങ്ങളെയും സേവിക്കുന്നതില്‍ താന്‍ പരാജയപ്പെട്ടെന്നും തന്നെ നാലു വര്‍ഷം സഹിച്ച പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കുറിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായിരുന്നു തസ്‌ലീം റഹ്‌മാനി.

LEAVE A REPLY

Please enter your comment!
Please enter your name here