യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിനെ ഇനി വെസ്റ്റിന്‍ഡീസ് ജഴ്‌സിയില്‍ കാണാനാകില്ലേ? ട്വന്റി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ സൂപ്പര്‍ 12 മത്സരത്തിനിറങ്ങിയ ഗെയ്‌ലിന് താരങ്ങളും ആരാധകരും നല്‍കിയ സ്വീകരണം അതിന്റെ സൂചനയാണ് നല്‍കുന്നത്. ബാറ്റിങ്ങിനായി ഗെയ്ല്‍ ക്രീസിലേക്ക് വരുമ്പോള്‍ കണ്ടത് നാടകീയ രംഗങ്ങളായിരുന്നു. സഹതാരങ്ങളെല്ലാം ചേര്‍ന്ന് എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഗെയ്‌ലിനെ ക്രീസിലേക്ക് അയച്ചത്. പതിവില്‍ നിന്ന് വ്യത്യസ്തമായി താരം കൂളിങ് ഗ്ലാസ് ധരിച്ചിരുന്നു. ഒമ്പത് പന്തില്‍ രണ്ട് സിക്‌സ് അടക്കം 15 റണ്‍സ് അടിച്ച ഗെയ്ല്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ പുറത്തായി.
ശേഷം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയ ഗെയ്ല്‍ ചിരിയോടെ ബാറ്റും ഹെല്‍മെറ്റുമയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്തു. ഡഗ് ഔട്ടിലിരുന്ന സഹതാരങ്ങളെയെല്ലാം ആലിംഗനം ചെയ്തു. ഇടവേളയില്‍ സ്റ്റാന്‍ഡ്‌സിലുള്ള ആരാധകര്‍ക്ക് തന്റെ ഗ്ലൗവുകളും സമ്മാനിച്ചു. എന്നാല്‍ ഇതുവരെ ഗെയ്ല്‍ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ഗെയ്‌ലിന്റെ അവസാന മത്സരമാണ് ഇതെന്നാണ് ആരാധകര്‍ വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയില്‍ താരത്തിന് ആശംസ അറിയിച്ച് നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ട്വന്റി-20 ക്രിക്കറ്റിലെ ബ്രാഡ്മാന്‍ എന്നാണ് ഗെയ്‌ലിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.
രണ്ടു തവണ ട്വന്റി-20 ലോകകപ്പ് നേടിയ ടീമംഗമായ ഗെയ്ല്‍ വിന്‍ഡീസിനായി 79 ട്വന്റി-20യില്‍ നിന്ന് 137.51 സ്‌ട്രൈക്ക് റേറ്റില്‍ 1899 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടു സെഞ്ചുറിയും 14 അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. 19 വിക്കറ്റുകളും അക്കൗണ്ടിലുണ്ട്. 2006-ല്‍ ന്യൂസീലന്‍ഡിന് എതിരെ ആയിരുന്നു 42-കാരനായ ഗെയ്‌ലിന്റെ ട്വന്റി-20 അരങ്ങേറ്റം.
യൂണിവേഴ്‌സല്‍ ബോസ് എന്നറിയപ്പെടുന്ന ഗെയ്ല്‍ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ആശാനാണ്. ഐപിഎല്‍ ഉള്‍പ്പെടെയുള്ള ട്വന്റി-20 കരിയറില്‍ 452 മത്സരങ്ങളില്‍ നിന്ന് 14306 റണ്‍സ് അടിച്ചെടുത്തു. ഐപിഎല്ലില്‍ 12000-ത്തിന് മുകളില്‍ റണ്‍സ് അടിച്ചുകൂട്ടിയ ഏകതാരവും ഗെയ്‌ലാണ്. 2014-ന് ശേഷം ടെസ്റ്റ് മത്സരം കളിച്ചിട്ടില്ല. 2019-ലാണ് അവസാന ഏകദിനം കളിച്ചത്. 103 ടെസ്റ്റുകളില്‍ നിന്ന് 7214 റണ്‍സും 301 ഏകദിനങ്ങളില്‍ നിന്ന് 10480 റണ്‍സുമാണ് സമ്പാദ്യം.
ക്രിക്കറ്റില്‍ ഒരുപിടി റെക്കോഡുകളും യൂണിവേഴ്‌സല്‍ ബോസിന് സ്വന്തമാണ്. ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരം (551), ഏറ്റവും ദൈര്‍ഘ്യമേറിയ ട്വന്റി-20 കരിയര്‍ (15 വര്‍ഷവും 261 ദിവസവും), ഏകദിനത്തില്‍ രണ്ടാം വിക്കറ്റില്‍ ഏറ്റവുമയര്‍ന്ന കൂട്ടുകെട്ട്, ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ട്രിപ്പിള്‍ സെഞ്ചുറി (2) തുടങ്ങിയ റെക്കോഡുകളെല്ലാം ഗെയ്‌ലിന്റെ പേരിലാണ്.
Here is last World Cup for Chris Gayle.#WIvsAUS pic.twitter.com/3ORUNabQ0L
— MD Shoaib🧐 (@drewmaccynt) November 6, 2021
Chris Gayle distributed his gloves in fans. pic.twitter.com/Nqy4klUMNv
— Mufaddal Vohra (@mufaddal_vohra) November 6, 2021