മോഷ്ടിച്ച വാഹനത്തിൽ കറങ്ങിയ വാഹന മോഷ്ടാക്കളെ പൊലീസ് പിന്തുടർന്നു പിടികൂടി

0
376

കാഞ്ഞങ്ങാട് ∙ മോഷ്ടിച്ച വാഹനത്തിൽ കറങ്ങിയ വാഹന മോഷ്ടാക്കളെ പൊലീസ് പിന്തുടർന്നു പിടികൂടി. കേരളത്തിലും കർണാടകയിലും ഒട്ടേറെ മോഷണക്കേസുകളിൽ പ്രതികളായ മഞ്ചേശ്വരം മൂടംബയൽ സ്വദേശി അബ്ദുൽ അൻസാഫ്(28), ഉദുമ സ്വദേശി റംസാൻ(24) എന്നിവരാണു പിടിയിലായത്. ദക്ഷിണ കന്നഡ ജില്ലയിലെ മൂടബിദ്രിയിൽ നിന്നു മോഷ്ടിച്ച ജീപ്പുമായി കറങ്ങവേയാണു പ്രതികളെ ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തെ തുടർന്ന് ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കോട്ടച്ചേരിയിൽ നിന്ന് ഇവർ സഞ്ചരിച്ച വാഹനത്തിനു നേരെ പൊലീസ് കൈ കാട്ടിയെങ്കിലും നിർത്തിയില്ല. ഇതോടെ പൊലീസ് ഇവരെ പിന്തുടർന്നു. ചിത്താരിയിൽ എത്തിയപ്പോൾ ഇരുവരും വാഹനം ഉപേക്ഷിച്ചു കടന്നു കളഞ്ഞു. പിന്നീടു നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. കാസർകോടുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡയിലെ മൂടബിദ്രിയിൽ നിന്നാണ് ഇവർ വാഹനം മോഷ്ടിച്ചത്.

കർണാടക റജിസ്ട്രേഷൻ വാഹനത്തെ തമിഴ്നാട് റജിസ്ട്രേഷൻ എന്നു വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചാണു പ്രതികൾ വാഹനം കടത്തിയത്. കാസർകോടു നിന്നു മോഷ്ടിച്ച ബൈക്കിലാണ് ഇവർ മൂടബിദ്രിയിലേക്കും പോയത്. അവിടെ നിന്നു ജീപ്പ് മോഷ്ടിച്ച പ്രതികൾ തൃശൂർ മുതൽ തിരുവനന്തപുരം വരെ ഒട്ടേറെ മോഷണങ്ങൾ നടത്തി. കേരളത്തിൽ 4 സ്ഥലങ്ങളിൽ മോഷണം നടത്തിയതായി ഇതിനകം കണ്ടെത്തിയിട്ടുണ്ട്. കോവളത്തു കട കുത്തി തുറന്നതിനും കേസുണ്ട്. കേരളത്തിനു പുറമേ കർണാടകയിലും ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്.

ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്ന സംശയത്തെ തുടർന്നു പൊലീസ് അന്വേഷണം വിപുലമാക്കി. സിഐ കെ.പി.ഷൈന്‍, എസ്ഐ സതീശന്‍, എഎസ്ഐ അബൂബക്കര്‍ കല്ലായി, സ്പെഷല്‍ ബ്രാഞ്ച് എസ്ഐ സന്തോഷ്, സിവില്‍ പൊലീസ് ഓഫിസറായ ജിനേഷ് കുട്ടമത്ത്, ദീപുമോന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here