നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ് ആണ് അറസ്റ്റിൽ ആയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. അറസ്റ്റിലുള്ള പി.ജി ജോസഫിന്റെ മൊഴി അനുസരിച്ചാണ് ഷെരീഫിനെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറയുന്നു. ജോസഫിന്റെ ജാമ്യഹർജി എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു.
മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകിയ ശേഷമാണ് റോഡ് ഉപരോധിച്ചത് എന്ന് ജോസഫിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. വഴിതടയലിൽ കുടുങ്ങിയവരിൽ രോഗികൾ ഉണ്ടായിരുന്നുവെന്ന വാദം തെറ്റാണെന്നും സിനിമ നടൻ അഭിനയിക്കേണ്ടത് റോഡിൽ അല്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. അതേസമയം നടൻ ജോജു ജോർജും കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിരുന്നു. ജോജുവിന്റെ ഹർജി ഫയലിൽ സ്വീകരിക്കുന്നതിൽ കോടതി ഇന്ന് തീരുമാനം പറയും.
ഇന്ധനവില വർദ്ധനയ്‌ക്കെതിരെ കൊച്ചിയിൽ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധം ജോജു ജോർജ് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് നടന്റെ കാറിന്റെ പിൻഭാഗത്തെ ചില്ല് തകർത്തത്. കേസിൽ മുൻ കൊച്ചി മേയർ ടോണി ചമണിയടക്കം ഒൻപത് പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.