മംഗളൂരു: ദീപാവലി പ്രമാണിച്ച് പടക്കം പൊട്ടിക്കുന്നതിൽ തർക്കം. പിതാവും മകനും ചേർന്ന് അയൽവാസിയെ കുത്തിക്കൊന്നു. കർണാടകയിലെ മംഗളൂരുവിലാണ് ദാരുണമായ കൊലപാതകം നടന്നത്. പടക്കം പൊട്ടിക്കുന്നതിനെ സംബന്ധിച്ച തർക്കത്തിനൊടുവിൽ പിതാവും മകനും ചേർന്ന് അയൽവാസിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ കൃഷ്ണാനന്ദ, മകൻ അവിനാശ് എന്നിവർ അറസ്റ്റിലായി.
ട്രാവൽ ഏജൻസി മാനേജരായ വിനായക് കമ്മത്ത് (45) ആണ് കൊല്ലപ്പെട്ടത്. മംഗളൂരുവിലെ വെങ്കിടേശ്വര അപ്പാർട്ട്മെന്റിലാണ് സംഭവം. അപ്പാർട്ട്മെന്റിലെ കാർ പാർക്കിംഗ് ഏരിയയിൽ പടക്കം പൊട്ടിക്കുകയായിരുന്ന വിനായകിനോട് പൊട്ടിക്കരുതെന്ന് കൃഷ്ണാനന്ദയും അവിനാശും ആവശ്യപ്പെട്ടു. എന്നാൽ വിനായക് ഇത് നിരസിക്കുകയും ഒടുവിൽ തർക്കത്തിൽ അവസാനിക്കുകയുമായിരുന്നു.
തർക്കത്തിനും കയ്യാങ്കളിക്കുമൊടുവിൽ കൃഷ്ണാനന്ദയും അവിനാശും ചേർന്ന് വിനായകിനെ കത്തികൊണ്ട് കുത്തി. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കമ്മത്തിന്റെ കുടുംബത്തിന്റെ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.