കൊച്ചി ∙ ഇന്ധനവില വർധനയ്ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ നടൻ ജോജു ജോർജുവായി ബന്ധപ്പെട്ടുണ്ടായ പ്രശ്നം ഒത്തുതീര്‍പ്പിലേക്കെന്ന് കോൺഗ്രസ്. നടന്‍ ജോജുവിന്‍റെ സുഹൃത്തുക്കളുമായി സംസാരിച്ചെന്നും ഒത്തുതീര്‍പ്പിന് മുന്‍കൈയെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു. കേസുകള്‍ പിന്‍വലിക്കുന്നത് പരസ്പരം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
ജോജുവിന്റെ വാഹനം ആക്രമിച്ചതിനു കൊച്ചി മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെ 15 പേർക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. വാഹനം തടഞ്ഞു നിർത്തി ഡോർ ബലമായി തുറന്ന് ജോജുവിന്റെ ഷർട്ടിനു കുത്തിപ്പിടിച്ചു ഭീഷണിപ്പെടുത്തുകയും കാറിന്റെ ചില്ല് തകർക്കുകയും ചെയ്തുവെന്നാണു കേസ്. ജോജുവിന്റെ കാറിന്റെ ചില്ല് തല്ലിപ്പൊട്ടിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകനായ തൈക്കൂടം സ്വദേശി പി.ജി.ജോസഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഉപരോധ സമരവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ കൊടിക്കുന്നിൽ സുരേഷ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വി.ജെ. പൗലോസ് തുടങ്ങിയ 15 നേതാക്കൾക്കും 50 പ്രവർത്തകർക്കുമെതിരെയും കേസെടുത്തിരുന്നു. ജോജു ജോർജിനെതിരെ കോൺഗ്രസ് വനിതാ നേതാവ് നൽകിയ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നില്ല.