കേന്ദ്രത്തിന്റേത് പോക്കറ്റടിക്കാരന്റെ ന്യായം’; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

0
220

ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്ര സർക്കാർ നടപടി പോക്കറ്റടിക്കാരന്റെ ന്യായം മാത്രമെന്ന് സംസ്ഥാന ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. ഇന്ധന നികുതിയിൽ നിന്നുള്ള വരുമാനം വെച്ചാണ് സംസ്ഥാനം പെൻഷനും ശമ്പളവുമടക്കമുള്ള ചെലവുകൾക്ക് പണം കണ്ടെത്തുന്നത്. നികുതി കുറയ്ക്കാനാവില്ലെന്നും കേരളം ആറ് വർഷത്തിനിടെ നികുതി വർധിപ്പിച്ചിട്ടില്ലെന്നും പറഞ്ഞ മന്ത്രി കൂട്ടിയ നികുതിയാണ് മറ്റ് സംസ്ഥാനങ്ങൾ കുറയ്ക്കുന്നതെന്നും കുറ്റപ്പെടുത്തി.

മോദി സർക്കാർ 2014 ൽ അധികാരത്തിലെത്തുമ്പോൾ 9.48 രൂപയായിരുന്നു എക്സൈസ് നികുതി. അത് പിന്നീട് 32 രൂപ വരെ വർധിപ്പിച്ച് 10 രൂപ കുറക്കുകയാണ് ചെയ്തത്. പോക്കറ്റിലെ കാശ് മുഴുവൻ തട്ടിപ്പറിച്ച് വണ്ടിക്കൂലി തരുന്ന പോക്കറ്റടിക്കാരന്റെ ന്യായമാണ് കേന്ദ്ര സർക്കാരിന്റേതെന്നും അദ്ദേഹം വിമർശിച്ചു. കേരളം ആനുപാതികമായി വില കുറച്ചിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി കാണണം. ഇപ്പോൾ കേന്ദ്രം കുറച്ചതിന്റെ അടിസ്ഥാനത്തിൽ  സംസ്ഥാനങ്ങൾക്ക് വില കുറയ്ക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡിന്റെ അടക്കം വലിയ ബാധ്യത സംസ്ഥാനത്തിന് ഉണ്ട്. പ്രാഥമികമായി സംസ്ഥാനം ഇപ്പോൾ കുറച്ചിട്ടുണ്ട്. മുഖം മിനുക്കാനുള്ള പരിപാടിയാണ് ഇപ്പോൾ കേന്ദ്രത്തിന്റേത്. കഴിഞ്ഞ ആറ് വർഷത്തിൽ കേരളം നികുതി കൂടിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങൾ കുറച്ചതിന്റെ കണക്ക് എടുത്തിന് ശേഷം അതിൽ മറുപടി പറയാം. അർഹമായ വിഹിതം കേന്ദ്രം തരേണ്ടയിരുന്നു. നയപരമായ വിഷയമാണ്, കൂടുതൽ ചർച്ചകൾക്ക് ശേഷം കൂടുതൽ പറയാം. മറ്റ് സംസ്ഥാനങ്ങൾ  നികുതി കൂട്ടിയത് പോലെ കേരളം കൂടിയിട്ടില്ലെന്ന് പറഞ്ഞ മന്ത്രി കൂട്ടിയ നികുതിയാണ് മറ്റ് സംസ്ഥാനങ്ങൾ കുറച്ചതെന്നും മന്ത്രി ആവർത്തിച്ച് പറഞ്ഞു.

നിലവിൽ സംസ്ഥാന വാറ്റ് പെട്രോൾ വിലയിൽ 26 രൂപയ്ക്ക് മുകളിലുണ്ട്. ആനുപാതികമായ വർധനവ് ഇന്ധന വില വർധിപ്പിച്ചപ്പോഴെല്ലാം ഇതിലുണ്ടായിരുന്നു. ഇതിൽ ആനുപാതികമായ കുറവ് ഇപ്പോൾ കേന്ദ്രം വില കുറച്ചതോടെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു രൂപ പോലും കുറയ്ക്കില്ലെന്ന നിലപാടിലാണ് ധനമന്ത്രി. അതേസമയം കടുത്ത വിമർശനം മറുഭാഗത്ത് ഉയരുമ്പോൾ സർക്കാരിന് വില കുറയ്ക്കേണ്ടി തന്നെ വന്നേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here