കണ്ണൂർ: ചികിത്സ നിഷേധിച്ചതിനെ തുടർന്ന് കണ്ണൂരിൽ പതിനൊന്ന് വയസുകാരി ഫാത്തിമ മരിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കും. രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാതെ “ജപിച്ച് ഊതൽ “നടത്തുന്ന ഇമാം ഉവൈസിന്റെ സ്വാധീനത്തിൽപ്പെട്ടു പോയ കൂടുതൽ കുടുംബങ്ങളുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഇവരിൽ നിന്നും പൊലീസ് തെളിവ് ശേഖരിക്കും. ഗുരുതര അസുഖമുണ്ടായിട്ടും ആശുപത്രിയിൽ പോകാത്തവർ ഇനിയുമുണ്ടോ എന്നും പൊലീസ് പരിശോധിക്കും.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കണ്ണൂർ സിറ്റിയിലെ നിരവധിപ്പേർക്ക് ഇമാം ഉവൈസ് ‘ജപിച്ച് ഊതൽ’ നടത്തിയിട്ടുണ്ട്. ആശുപത്രിയിൽ വച്ച് മരിച്ചാൽ നരകത്തിൽ പോകുമെന്നായിരുന്നു ഇയാൾ മറ്റുള്ളവരെ ഭയപ്പെടുത്തിയത്. കണ്ണൂർ സിറ്റി നാലുവയലിൽ സത്താർ -സാബിറ ദമ്പതികളുടെ മകൾ എംഎ ഫാത്തിമയുടെ മരണത്തോടെയാണ് ഇയാൾ പിടിയിലായത്.
ഫാത്തിമയ്ക്ക് സംഭവിച്ചത്
കഴിഞ്ഞ ഞായറാഴ് സ്കൂൾ തുറക്കുന്നതിന് തലേ ദിവസമാണ് ഫാത്തിമ മരിച്ചത്. നാലുദിവസമായി കടുത്ത പനിയുണ്ടായിരുന്ന കുട്ടി പുലർച്ചെ ബോധരഹിതയായി. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്വാഭാവിക മരണമാണെന്നും പോസ്റ്റുമോർട്ടം വേണ്ടെന്നും ബന്ധുക്കൾ കടുംപിടുത്തം പിടിച്ചെങ്കിലും പൊലീസ് ഇടപെട്ട് പോസ്റ്റ്മോർട്ടം നടത്തി. ശ്വാസകോശത്തിലെ അണുബാധയും വിളർച്ചയുമായിരുന്നു മരണകാരണം. കുട്ടിക്ക് മനപൂർവ്വം ചികിത്സ നൽകിയില്ലെന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിച്ചെങ്കിലും അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് തുടക്കത്തിൽ വലിയ ഉത്സാഹം കാട്ടിയില്ല. ബന്ധുക്കൾക്ക് പരാതി ഇല്ലാത്തതിനാലും ചികിത്സ വൈകിപ്പിച്ചു എന്നതിന് പ്രത്യക്ഷത്തിൽ തെളിവില്ലാത്തതുമായിരുന്നു കാരണം.