പെട്രോളിന് 5 രൂപയും ഡ‍ീസലിന് 10 രൂപയും കുറയും; എക്സൈസ് ഡ്യൂട്ടി കുറച്ച് കേന്ദ്രം

0
308

ന്യൂഡൽഹി∙ ദീപാവലിക്കു തലേന്ന് താൽക്കാലിക ആശ്വാസവുമായി കേന്ദ്രത്തിന്റെ പ്രഖ്യാപനം–രാജ്യത്ത് ഇന്ധനവില കുറയും. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിരിക്കുന്ന എക്സൈസ് തീരുവയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചു. ഇതോടെ പെട്രോളിന് ലീറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും. പുതിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.

2020 മേയ് 5 മുതലുള്ള കണക്ക് പ്രകാരം പെട്രോളിന്റെ എക്സൈസ് തീരുവ ലീറ്ററിന് 37.38 രൂപ വരെ എത്തിയിരുന്നു. ഡീസലിന് ഇത് 27.98 രൂപയും. ഇതിൽനിന്നാണ് യഥാക്രമം 5 രൂപയും 10 രൂപയും കുറഞ്ഞത്. രാജ്യവ്യാപക പ്രതിഷേധങ്ങൾക്കൊടുവിലാണ് സർക്കാർ തീരുമാനം. വാറ്റ് നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു.

നേടിയത് കനത്ത ലാഭം

ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ആറു മാസത്തിൽ പെട്രോളിയം ഉല്‍പന്നങ്ങളുടെ എക്സൈസ് തീരുവ വഴിയുള്ള വരുമാനത്തിൽ മാത്രം 33 ശതമാനത്തിന്റെ വർധനവാണുണ്ടായത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോഴാണിത്. സിഎജി റിപ്പോർട്ട് പ്രകാരം 2021 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 1.71 ലക്ഷം കോടിയായിരുന്നു എക്സൈസ് തീരുവ വഴിയുള്ള വരുമാനം. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 1.28 ലക്ഷം കോടിയായിരുന്നു.

കോവിഡിനു മുന്നോടിയായി, 2019ൽ ഇതേ കാലയളവിൽ ലഭിച്ചതാകട്ടെ 95,930 കോടി രൂപയും. ജിഎസ്ടി വന്നതിനു ശേഷം പെട്രോളിനും ഡീസലിനും പ്രകൃതി വാതകത്തിനും മദ്യത്തിനും പുകയിലയ്ക്കും മേലാണ് കേന്ദ്രം എക്സൈസ് തീരുവ ചുമത്തിയിട്ടുള്ളത്. വില വർധിക്കുന്ന സാഹചര്യത്തിൽ പെട്രോളും ഡീസലും ഉൾപ്പെടെ ജിഎസ്ടിക്കു കീഴിലേക്കു മാറ്റണമെന്ന നിർദേശവും കേന്ദ്രത്തിനു മുന്നിലുണ്ട്.

കുതിച്ചു കയറി, പിന്നെ കുറച്ചു!

ഇന്ധന വിലയിൽ ഈ വർഷത്തെ റെക്കോർഡ് വർധനവിനു ശേഷമാണ് ഇപ്പോൾ വില കുറയുന്നത്. ഒക്ടോബറിൽ പെട്രോൾ ലീറ്ററിന് 7.82 രൂപയും ഡീസൽ 8.71 രൂപയുമാണ് കൂടിയത്. ഇതിനു മുൻപ് ഏറ്റവും കൂടുതൽ വില വർധിച്ചത് ഫെബ്രുവരിയിലാണ്. പെട്രോളിന് 4.87 രൂപയും ഡീസലിന് 5.24 രൂപയും. ഇതിനിടെ ഇന്ധനവില കുറഞ്ഞത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ മാസത്തിലും പിന്നീട് സെപ്റ്റംബറിലും.

സെപ്റ്റംബറിൽ ഡീസലിന് 1.11 രൂപ കുറഞ്ഞതാണ് നിരക്കിലുണ്ടായ ഏറ്റവും വലിയ കുറവ്. ഒരിടവേളയ്ക്കു ശേഷം സെപ്റ്റംബർ 24 മുതലാണ് ഇന്ധന വില കൂടാൻ തുടങ്ങിയത്. ഈ വർഷം ഇതുവരെയുള്ള വില വർധന പെട്രോളിന് 31% ഡീസലിന് 33% ആണ്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോളിന് 26.06 രൂപയും ഡീസലിന് 25.91 രൂപയുമാണ് വർധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here