ന്യൂദല്‍ഹി: ഹിന്ദുക്കളുടെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരും അക്രമവും നടത്തുന്നവരും ഹിന്ദുക്കളല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ത്രിപുരയില്‍ മുസ്ലിങ്ങള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘങ്ങള്‍ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
” നമ്മുടെ മുസ്ലിം സഹോദരങ്ങള്‍ക്ക് നേരെ ത്രിപുരയില്‍ ക്രൂരത കാണിക്കുകയാണ്. ഹിന്ദുക്കളുടെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരും അക്രമവും നടത്തുന്നവരും ഹിന്ദുക്കളല്ല, കപടവിശ്വാസികളാണ്. എത്രനാള്‍ സര്‍ക്കാര്‍ അന്ധനും ബധിരനുമാണെന്ന് നടിച്ചുകൊണ്ടേയിരിക്കും?” രാഹുല്‍ പറഞ്ഞു.
ത്രിപുരയില്‍ വി.എച്ച്.പി റാലിക്കിടെ മുസ് ലിം പള്ളിക്ക് നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. റാലിക്കിടെ ഒരു സംഘം ആളുകള്‍ കല്ലെറിയുകയും പള്ളിയുടെ വാതില്‍ നശിപ്പിക്കുകയും ചെയ്തു.
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടക്കുന്നതില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു റാലി. പള്ളിക്ക് നേരെ ആക്രമണം നടത്തുകയും രണ്ട് കടകള്‍ കത്തിക്കുകയും ചെയ്തിരുന്നു.
റോവര്‍ ബസാറില്‍ മുസ്ലിം വിഭാഗങ്ങള്‍ നടത്തുന്ന കടകള്‍ അക്രമികള്‍ കൊള്ളയടിക്കുകയും മൂന്നു വീടുകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു.