മലപ്പുറം: കോട്ടക്കലില്‍ പീഡനത്തിനിരയായ പതിനേഴുകാരി പരസഹായമില്ലാതെ വീട്ടില്‍ പ്രസവിച്ചു. യൂട്യൂബ് വീഡിയോ നോക്കിയാണ് ആരുമറിയാതെ പ്ലസ് ടു വിദ്യാര്‍ഥിനി പ്രസവിച്ചത്. മുറിയില്‍ നടന്ന പ്രസവം ബന്ധുക്കള്‍ പോലും അറിഞ്ഞിരുന്നില്ല എന്നാണ് പൊലീസിന് നല്കിയ മൊഴി.
പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് പറയപ്പെടുന്ന അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 20നാണ് വീട്ടുകാരറിയാതെ മുറിയില്‍ പ്രസവം നടന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.
ഗര്‍ഭിണിയാണ് എന്നുള്ളത് തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നാണ് വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുള്ളതെന്നും ഇതിന്റെ യാഥാര്‍ത്ഥ്യം അന്വേഷിക്കേണ്ടതുണ്ടെന്നും
മലപ്പുറം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്മാന് ഷാജേഷ് ഭാസ്ക്കര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
’17 വയസ്സുള്ള ഈ കുട്ടി കഴിഞ്ഞ എട്ടുമാസമായി വീട്ടിലെ റൂമില്‍ അടച്ചിരിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. സെക്യൂരിറ്റി ജീവനക്കാരനാണ് കുട്ടിയുടെ അച്ഛന്, അമ്മ കാഴ്ചയ്ക്ക് പരിമിതിയുള്ള ഒരാളാണ്.
വീട്ടില്‍ വേറെ ആരുമില്ല. പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്നുള്ളത് വീട്ടുകാര്‍ അറിഞ്ഞിട്ടില്ലെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. ഇതിന്റെ യാഥാര്‍ത്ഥ്യം അന്വേഷിക്കേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.