പാക് വിജയം സ്റ്റാറ്റസാക്കി; അധ്യാപികയോട് വീട്ടിലിരുന്നോളാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ്

0
290

ജയ്പുര്‍: ഇക്കഴിഞ്ഞ ഞായറാഴ്ച ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിച്ച അധ്യാപികയുടെ പണിപോയി.

രാജസ്ഥാനിലെ ഉദയ്പുരിലെ നീര്‍ജ മോദി സ്‌കൂളിലെ അധ്യാപിക നഫീസ അട്ടാരിയെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചുവിട്ടത്.

പാകിസ്താന്റെ ജയത്തിനു പിന്നാലെ ‘നമ്മള്‍ ജയിച്ചു’ എന്ന് പാക് താരങ്ങളുടെ ചിത്രത്തിനൊപ്പം നഫീസ വാട്ട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാപികയ്‌ക്കെതിരേ നടപടിയെടുത്തത്.

സൊജാതിയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് ഈ സ്‌കൂള്‍. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെ ട്രെസ്റ്റ് അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ മഹേന്ദ്ര സൊജാതിയ പി.ടി.ഐയോട് പ്രതികരിച്ചു.

സംഭവത്തിന്റെ പേരില്‍ അധ്യപികയ്‌ക്കെതിരേ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡിലെ 153-ാം വകുപ്പ് പ്രകാരം കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രകോപനത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന് അംബ മാത പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ നര്‍പാത് സിങ് അറിയിച്ചു.

ഇതിനു പിന്നാലെ വിശദീകരണവുമായി അധ്യാപിക തന്നെ രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here