ആക്ഷന്‍ ഹീറോ ബിജു സിനിമയെ വെല്ലും കോഴിക്കോട് സ്‌റ്റേഷനില്‍ നടന്നത്… സാര്‍ ഇതു ഇദ്ദേഹത്തിന്റെ കുഞ്ഞല്ല, കാമുകന്റെ കുഞ്ഞാണ്; സിനിമയിലെ കാമുകിയുടെ അതേ വാക്കുകളാണ് യുവതിയും പറഞ്ഞത്

0
448

‘ആക്‌ഷൻ ഹീറോ ബിജു’  എന്ന സിനിമയിലെ പവിത്രനെ ഓർമയില്ലേ ?  മകളുടെ അച്ഛൻ മറ്റൊരാളാണെന്ന് അറിഞ്ഞപ്പോൾ ‘പറ്റിക്കാൻ വേണ്ടി പറയുന്നതാ സാറേ….പറ്റിക്കാൻ വേണ്ടിയാണെങ്കിലും ഇങ്ങനെയൊന്നും പറയരുതെന്ന് ഇവരോട് പറയണം–’ എന്നു പറഞ്ഞ്, കരഞ്ഞു കൊണ്ട് പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിപ്പോകുന്ന പവിത്രൻ. 3 മിനിറ്റു കൊണ്ട് സുരാജ് വെഞ്ഞാറമൂട് അനശ്വരമാക്കിയ കഥാപാത്രം.

ആ രംഗം അതേപടി പൊലീസ്‌ സ്റ്റേഷനിൽ  അരങ്ങേറിയപ്പോൾ പൊലീസുകാർ ഞെട്ടി. കോഴിക്കോട് റൂറൽ പരിധിയിലെ ഒരു പൊലീസ് സ്റ്റേഷനിലാണു വെള്ളിത്തിരയിലെ  രംഗം യഥാർഥ ജീവിതത്തിലേക്ക് പകർന്നത്. രണ്ടു മക്കളുള്ള യുവതി 2 വയസ്സുള്ള കുഞ്ഞിനെയും കൊണ്ട് കാമുകനൊപ്പം പോയതാണ് കേസ്. 5 വയസ്സുള്ള മൂത്ത മകനെ ഭർത്താവിനൊപ്പം വിട്ടാണു യുവതി 2 വയസ്സുള്ള കുഞ്ഞിനെയും എടുത്തു കാമുകനൊപ്പം പോയത്. ഭർത്താവും മകനും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

പൊലീസ് ഉണർന്നു പ്രവർത്തിച്ചു യുവതിയെയും കുഞ്ഞിനെയും കാമുകനെയും കസ്റ്റഡിയിലെടുത്തു. പ്രശ്നം പറഞ്ഞു തീർക്കാമെന്നും കാമുകനെ താക്കീത് ചെയ്തു വിടാമെന്നും പൊലീസ് കരുതിയിരുന്നു. ഏതായാലും സ്റ്റേഷനിൽ വച്ചു പൊലീസ് യുവതിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ സിനിമയിലെ പവിത്രന്റെ ഭാര്യയുടെ  അതേ സ്വരത്തിൽ യുവതി പറഞ്ഞു. സാർ ഇതു ഇദ്ദേഹത്തിന്റെ കുഞ്ഞല്ല. അങ്ങേരുടെ (കാമുകന്റെ) കുഞ്ഞാണ്. അതു കേട്ടതോടെ ഭർത്താവിനു ദേഷ്യം ഇരട്ടിച്ചു.

5 വയസ്സുള്ള മകനെ ഉപേക്ഷിച്ചു പോയി എന്നതിനാൽ അമ്മയ്ക്കെതിരെ കേസെടുക്കാനും ഇരുവരെയും കോടതിയിൽ ഹാജരാക്കാനും പൊലീസ് തീരുമാനിച്ചു. അവിടം തൊട്ടു പൊലീസും ഗതികേടിലായി. രാത്രി തന്നെ വൈദ്യപരിശോധന നടത്തി യുവതിയെയും കാമുകനെയും കുഞ്ഞിനെയും മജിസ്ട്രേറ്റിനു മുന്നൽ ഹാജരാക്കാൻ കൊണ്ടു പോയി. പിറ്റേദിവസം ഓപ്പൺ കോടതിയിൽ ഹാജരാക്കാൻ മജിസ്ട്രേട്ട് നിർദേശിച്ചു. പിറ്റേ ദിവസം രാവിലെ കോടതിയിൽ എത്തിയെങ്കിലും വൈകിട്ട് നാലര വരെ നിൽക്കേണ്ടി വന്നു. 2 വനിതാ പൊലീസ് അടക്കമുള്ള പൊലീസ് സംഘമാണ് ഇവരെ കോടതിയിൽ എത്തിച്ചത്.

അതിൽ ഒരു വനിതാ പൊലീസിനു 9 മാസം പ്രായമുള്ള കു‍ഞ്ഞുമുണ്ട്. രാവിലെ റിമാൻഡ് ഉത്തരവ് ഉണ്ടാകുമെന്നാണു പൊലീസ് കരുതിയത്. എന്നാൽ വൈകിട്ടു നാലരയോടെയാണ് ഉത്തരവുണ്ടായത്. പിന്നീട് 2 വയസ്സുള്ള കുഞ്ഞിനെ യുവതിയുടെ ബന്ധുക്കൾക്കൊപ്പം വിട്ടു. യുവതിയെ മഞ്ചേരി ജയിലിലാണു (കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ കോഴിക്കോട് ജയിലിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ല) റിമാൻഡ് ചെയ്തത്. വൈകിട്ട് യുവതിയെ വീണ്ടും വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയ ശേഷം മഞ്ചേരിക്കു കൊണ്ടുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here