ടി20 ലോകകപ്പ്: പാകിസ്ഥാനെതിരെ ഇന്ത്യക്ക് ജയിക്കാന്‍ വഴിയുണ്ടായിരുന്നു! തന്ത്രം വെളിപ്പെടുത്തി സഹീര്‍ ഖാന്‍

0
501

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) പാകിസ്ഥാനെതിരെ(IND vs PAK) ജസ്‌പ്രീത് ബുമ്രയെ(Jasprit Bumrah) ആദ്യ ഓവര്‍ എല്‍പിച്ചിരുന്നുവെങ്കില്‍ ചിലപ്പോള്‍ മത്സരം ഇന്ത്യയുടെ(Team India) വഴിക്കാകുമായിരുന്നു എന്ന് മുന്‍ പേസര്‍ സഹീര്‍ ഖാന്‍(Zaheer Khan). പാക് ഓപ്പണര്‍മാരില്‍ ഒരാളുടെ വിക്കറ്റ് പോലും ഇന്ത്യക്ക് വീഴ്‌ത്താന്‍ കഴിയാതെയിരുന്ന മത്സരത്തില്‍ ബുമ്ര മൂന്നാം ഓവറിലാണ് തന്‍റെ ആദ്യ പന്ത് എറിയാനെത്തിയത്.

പാകിസ്ഥാന് മുന്നില്‍ 152 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയ ശേഷം ഭുവനേശ്വര്‍ കുമാറിനെയും മുഹമ്മദ് ഷമിയേയും അയച്ചാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറില്‍ ഭുവിക്കെതിരെ 10 ഉം രണ്ടാം ഓവറില്‍ ഷമിക്കെതിരെ എട്ടും റണ്‍സടിച്ച് നിലയുറപ്പിച്ച പാക് ഓപ്പണര്‍മാരായ ബാബർ അസമിനെയും മുഹമ്മദ് റിസ്‍വാനേയും വിറപ്പിക്കാന്‍ ഇന്നിംഗ്‌സിലെ മൂന്നാം ഓവര്‍ എറിയാനെത്തിയ ബുമ്രക്കായില്ല. നാല് റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂവെങ്കിലും ബുമ്ര ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാതെ മടങ്ങി. ഇതോടെ താളം കണ്ടെത്തിയ പാക് ഓപ്പണര്‍മാര്‍ 13 പന്ത് ബാക്കിനില്‍ക്കേ 10 വിക്കറ്റിന്‍റെ ആധികാരിക ജയം ഇന്ത്യക്ക് മേല്‍ കെട്ടിയുയര്‍ത്തി. അതായത് 151 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ട്!.

‘മത്സരത്തിന് മുമ്പേ നിങ്ങളുടെ പദ്ധതികള്‍ തയ്യാറായിരിക്കും. എന്നാല്‍ മത്സരം പുരോഗമിക്കുമ്പോള്‍ ചില മാറ്റങ്ങള്‍ പദ്ധതിയില്‍ വരുത്തേണ്ടിവരും. ബുമ്രയെ വ്യത്യസ്തമായി ഉപയോഗിക്കാമായിരുന്നു. മത്സരം അവസാനിക്കുമ്പോഴേക്കും ബുമ്രയെ കുറച്ച് മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യയുടെ ‘ട്രംപ് കാര്‍ഡാ’യ താരത്തെ മൂന്നാം ഓവറിന് പകരം ആദ്യ ഓവറില്‍ തന്നെ പ്രയോഗിക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ മത്സരം ചിലപ്പോള്‍ അല്‍പം മാറിമറിഞ്ഞേനേ’യെന്നും സഹീര്‍ ക്രിക്‌ബസിലെ ചര്‍ച്ചയില്‍ കൂട്ടിച്ചേര്‍ത്തു.

ദുബായില്‍ പാകിസ്ഥാൻ 10 വിക്കറ്റിന് ടീം ഇന്ത്യയെ തോൽപിക്കുകയായിരുന്നു. ഇന്ത്യയുടെ 151 റൺസ് 13 പന്ത് ശേഷിക്കേ പാകിസ്ഥാൻ മറികടന്നു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപിക്കുന്നത്.

പ്രതിസന്ധി ഘട്ടത്തിൽ ഒരിക്കൽക്കൂടി തന്റെ മാറ്ററിയിച്ച നായകന്‍ വിരാട് കോലിയും(49 പന്തിൽ 57), റണ്ണുയര്‍ത്താനുള്ള ശ്രമത്തില്‍ പുറത്തായ റിഷഭ് പന്തും(30 പന്തിൽ 39) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യൻ ബൗളർമാർക്ക് പഴുതുകൾ നൽകാതെ പാക് ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‍വാനും തകര്‍ത്തടിച്ചു. കളി പാകിസ്ഥാന്‍ ജയിക്കുമ്പോള്‍ റിസ്‍വാൻ 79 റണ്‍സും ബാബർ 68 റണ്‍സുമായി പുറത്താകാതെ നിന്നു. മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ ബുമ്ര 22 റണ്‍സ് വഴങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here