ഉപ്പള (www.mediavisionnews.in):മുസോടി അദീക്കയിൽ കടൽക്ഷോഭം ശക്തം. ഇന്നലെ രാത്രിയുണ്ടായ കടൽക്ഷോഭത്തിൽ രണ്ടു വീടുകൾ ഭാഗികമായി തകർന്നു. അദീക്കയിലെ യർമുള്ള, മറിയമ്മ എന്നിവരുടെ വീടുകളാണ് തകർന്നിരിക്കുന്നത്. പ്രദേശവാസികൾ രണ്ടു ദിവസമായി ഏറെ ഭീതിയിലാണ് കഴിയുന്നത്. പതിനഞ്ചു വീടുകൾ ഏതു സമയവും കടലെടുക്കുമെന്ന അവസ്ഥയിലാണ്.
ഇതുപതോളം തെങ്ങുകൾ കടലാക്രമണത്തിൽ നാശം നേരിട്ടിരിക്കുകയാണ്. അഞ്ച് മീറ്റർ കര കടലെടുത്തതിനാൽ നിരവധി വീടുകളാണ് നാശം നേരിടുന്നത്. വരും നാളുകളിൽ കടൽ ക്ഷോഭം ശക്തമായാൽ പ്രദേശവാസികൾക്ക് ഇവിടം വിട്ടൊഴിയേണ്ടി വരും. കഴിഞ്ഞ കാലങ്ങളിൽ കടലാക്രമണത്തിൽ വീടും സ്ഥലവും നഷ്ടപെട്ടവർക്ക് അർഹമായ നഷ്ട പരിഹാരമോ പുനരധിവാസമോ നൽകാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് കടലോരവാസികൾ പറയുന്നു.