സ്വന്തം ഉപയോഗത്തിന് വീട്ടില്‍ നാല് കഞ്ചാവുചെടികള്‍ വരെ വളര്‍ത്താം, അനുമതിക്കുള്ള ഒരുക്കത്തില്‍ ലക്സംബര്‍ഗ്

0
262

നിയമപ്രകാരം കഞ്ചാവ് വീട്ടില്‍ വളര്‍ത്താനും ഉപയോഗിക്കാനും അനുമതിയുള്ള രാജ്യമാകാനുള്ള ഒരുക്കത്തിൽ ലക്സംബര്‍ഗ്. ലക്‌സംബർഗിലെ പ്രായപൂര്‍ത്തിയായവര്‍ക്ക് അവരുടെ വീടുകളിലോ തോട്ടങ്ങളിലോ നാല് കഞ്ചാവ് ചെടികൾ വരെ വളര്‍ത്താന്‍ ഇതുവഴി അനുമതി ലഭിക്കും.

ലക്സംബർഗ് ഗവൺമെന്റിന്റെ വെള്ളിയാഴ്ചത്തെ പ്രഖ്യാപനം കഞ്ചാവ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട രാജ്യത്തിന്‍റെ സമീപനങ്ങളില്‍ പ്രധാനപ്പെട്ട മാറ്റങ്ങളുണ്ടാക്കും എന്നാണ് കരുതുന്നത്. ഇത് പ്രകാരം പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് സ്വന്തം ആവശ്യത്തിനായി നാല് കഞ്ചാവ് ചെടികള്‍ വരെ വീട്ടില്‍ വളര്‍ത്താം. ഇതിനായി നിയന്ത്രണങ്ങളൊന്നുമില്ലാതെ തന്നെ കടകളിലോ ഓണ്‍ലൈനിലോ വിത്തുകള്‍ വാങ്ങാന്‍ കഴിയുമെന്നും സര്‍ക്കാര്‍ അറിയിക്കുന്നു.

വാണിജ്യ ആവശ്യങ്ങൾക്കായി ആഭ്യന്തരമായി വിത്ത് ഉത്പാദിപ്പിക്കാൻ അനുവദിക്കാനുള്ള ഉദ്ദേശ്യവുമുണ്ട്. എന്നാൽ, ദേശീയ ഉൽപാദന ശൃംഖലയ്ക്കും സംസ്ഥാനത്തിന്‍റെ നിയന്ത്രണത്തിലുള്ള വിതരണത്തിനുമുള്ള പദ്ധതികൾ കൊവിഡ് കാരണം വൈകിയിരിക്കുന്നു. വീട്ടില്‍ കഞ്ചാവ് വളര്‍ത്താന്‍ അനുവദിക്കുന്നത് ഇതിന്‍റെയെല്ലാം ആദ്യത്തെ പടിയാണ് എന്നാണ് നീതിന്യായ മന്ത്രി സാം ടാന്‍സണ്‍ പറഞ്ഞത്. നിലവില്‍ ഏറ്റവും വലിയ നിയമവിരുദ്ധ വിപണിയുടെ ഭാഗമാണ് കഞ്ചാവ് എന്നും അദ്ദേഹം പറയുന്നു.

“ഇത് വീട്ടിൽ വളർത്താൻ ആളുകളെ അനുവദിച്ചുകൊണ്ട് ആരംഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു ഉപഭോക്താവ് കഞ്ചാവ് ഉപയോഗിക്കുകയാണെങ്കിൽ അയാൾ നിയമവിരുദ്ധമായ അവസ്ഥയിലാവരുത്. ഉൽപ്പാദനം മുതൽ കച്ചവടം വരെയുള്ള മുഴുവൻ നിയമവിരുദ്ധ ശൃംഖലയെയും ഞങ്ങൾ പിന്തുണയ്‌ക്കുന്നില്ല എന്നതാണ് ആശയം. അനധികൃത കരിഞ്ചന്തയിൽ നിന്ന് കൂടുതൽ കൂടുതൽ രക്ഷപ്പെടാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നും അദ്ദേഹം പറഞ്ഞു.

വീട്ടില്‍ വളര്‍ത്തുന്നവര്‍ക്ക് ഇന്‍ഡോറായോ ഔട്ട്ഡോറായോ കഞ്ചാവ് വളര്‍ത്താം. ബാല്‍ക്കണിയിലോ ടെറസിലോ ഗാര്‍ഡനിലോ വളര്‍ത്താം. എന്നാല്‍, പൊതുസ്ഥലത്ത് വിത്തല്ലാതെ വേറെന്തെങ്കിലും കടത്തുന്നതോ ഉപയോഗിക്കുന്നതോ നിയമവിരുദ്ധമായി തുടരും. എന്നാല്‍, മൂന്ന് ഗ്രാം വരെ കൊണ്ടുപോകുന്നതോ ഉപയോഗിക്കുന്നതോ ക്രിമിനല്‍ കുറ്റമാവില്ല. പക്ഷേ, പിഴയീടാക്കും. സ്വന്തം വീട്ടിലായിരിക്കണം വളര്‍ത്തുന്നത് എന്ന് സര്‍ക്കാര്‍ എടുത്ത് പറയുന്നുണ്ട്. അനധികൃതമായ കച്ചവടം വച്ചുപൊറുപ്പിക്കില്ല എന്നും. ഒപ്പം ഗുണനിലവാരം, അഡിക്ഷനെതിരായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here