ദില്ലി: ഉപഭോക്താവിന് സമ്മാനം നൽകി രാജ്യത്തെ വളരെ കുറച്ച് കാലം കൊണ്ട് പടർന്നുപന്തലിച്ച യുപിഐ സേവന ദാതാക്കൾ പതിയെ തന്ത്രം മാറ്റുന്നു. ഇതിന്റെ ഭാഗമായി യുപിഐ വിപണിയിലെ മുൻനിരക്കാരായ ഫോൺ പേ തന്നെയാണ് തുടക്കം കുറിക്കുന്നത്. ഇനി മുതൽ മൊബൈൽ റീചാർജിന് ഫീസീടാക്കാനാണ് തീരുമാനം. 50 രൂപയ്ക്ക് മുകളിലുള്ള റീചാർജിന് ഉപഭോക്താവിൽ നിന്ന് ഒരു രൂപ മുതൽ രണ്ട് രൂപ വരെ പ്രൊസസിങ് ഫീസ് ഈടാക്കാനാണ് തീരുമാനം.
യുപിഐ ഇടപാടുകൾക്ക് ഫീസീടാക്കുന്ന ആദ്യ കമ്പനിയാണ് ഫോൺ പേ. വൈകാതെ മറ്റുള്ളവരും ഇതേ പാത പിന്തുടരാനാണ് സാധ്യത. 50 രൂപയ്ക്ക് താഴെയുള്ള റീചാർജിന് പണം നൽകേണ്ടതില്ല. 50 നും 100 നും ഇടയിലെ റീചാർജിന് ഒരു രൂപയും നൂറിന് മുകളിലെ റീചാർജിന് രണ്ട് രൂപയുമാണ് നൽകേണ്ടത്.
നിലവിൽ യുപിഐ വിപണിയിലെ ഒന്നാമനാണ് ഫോൺ പേ. സെപ്തംബറിൽ 165 കോടി ഇടപാടുകളാണ് ഫോൺ പേ പ്ലാറ്റ്ഫോം വഴി നടന്നത്. 40 ശതമാനം മാർക്കറ്റ് ഷെയറാണ് കമ്പനിക്കുള്ളത്. ഇതൊരു സാധാരണ ഇന്റസ്ട്രി പ്രാക്ടീസെന്നാണ് കമ്പനിയുടെ വാദം. തങ്ങൾ ക്രഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പേമെന്റുകൾക്ക് ഇപ്പോൾ തന്നെ പ്രൊസസിങ് ഫീ ഈടാക്കുന്നുണ്ടെന്നും കമ്പനി പറയുന്നു.