പത്ത് മക്കള്‍ക്കും പൂച്ചക്കണ്ണില്ലെങ്കില്‍ 11ാമത് ഒന്നിനെ കൂടി പ്രസവിക്കും: പൊട്ടിച്ചിരിപ്പിച്ച് ഒരു കൊച്ചുമിടുക്കിയുടെ വീഡിയോ

0
641

സോഷ്യല്‍മീഡിയയെ പൊട്ടിച്ചിരിപ്പിക്കുകയാണ് ഒരു കുഞ്ഞുകുറുമ്പിയുടെ വീഡിയോ. ഒരു അമ്മയും മകളും തമ്മിലുള്ള രസകരമായ സംഭാഷണമാണ് വീഡിയോയിലുള്ളത്.

അമ്മയോട് തനിക്ക് വലുതാവുമ്പോള്‍ കല്യാണം കഴിക്കേണ്ടത് പൂച്ചക്കണ്ണുള്ള ഒരാളെയാണെന്നും പൂച്ചക്കുണ്ണുള്ള കുട്ടിയുണ്ടാവാനാണ് അതെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. എന്നാല്‍ ജനിക്കുന്നത് പൂച്ചക്കണ്ണുള്ള കുട്ടിയല്ലെങ്കില്‍ എന്തുചെയ്യുമെന്ന അമ്മയുടെ ചോദ്യത്തിന് മകള്‍ നല്‍കുന്ന മറുപടികളാണ് ഏവരേയും അമ്പരപ്പിക്കുന്നതും പൊട്ടിച്ചിരിപ്പിക്കുന്നതും.

താന്‍ വലുതായാല്‍ കല്യാണം കഴിക്കില്ലേ എന്ന ചോദ്യത്തിന് നീ വലുതായാല്‍ കല്യാണം കഴിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ലെന്നാണ് അമ്മ നല്‍കുന്ന മറുപടി. വിവാഹം കഴിക്കണമെങ്കില്‍ ചെക്കനെ കണ്ടുപിടിച്ച് തരാമെന്ന് അമ്മ പറയുമ്പോള്‍ അതൊന്നും വേണ്ട താന്‍ തന്നെ കണ്ടുപിടിച്ചോളാമെന്നായിരുന്നു മകളുടെ മറുപടി. ഇനി അമ്മ തന്നെ കണ്ടുപിടിക്കുകയാണെങ്കില്‍ പൂച്ചക്കണ്ണുള്ള ഒരാളെ തന്നെ വേണമെന്നും അത് എന്തിനാണെന്ന് അമ്മ ചോദിക്കുമ്പോള്‍ തന്റെ കുട്ടികള്‍ക്ക് പൂച്ചക്കണ്ണ് വേണ്ടേ എന്നുമായിരുന്നു മകള്‍ നല്‍കുന്ന മറുപടി.

നിനക്ക് പൂച്ചക്കണ്ണ് ഇല്ലല്ലോയെന്നും നിന്റെ കണ്ണാണ് കുട്ടിക്ക് ഉള്ളതെങ്കിലോ എന്ന ചോദ്യത്തിന് അങ്ങനെയെങ്കില്‍ താന്‍ പിന്നേയും പ്രസവിക്കുമെന്നായിരുന്നു മറുപടി. അതിനും ഇല്ലെങ്കിലോ എന്ന് ചോദിക്കുമ്പോള്‍ പിന്നേയും പ്രസവിക്കുമെന്ന് പറയുന്നു. അതിനും ഇല്ലെങ്കിലോ എന്ന ചോദ്യത്തിന് പിന്നേയും പ്രസവിക്കുമെന്നായിരുന്നു വീണ്ടുമുള്ള മറുപടി.

പത്ത് മക്കളെ പ്രസവിച്ച് പത്താള്‍ക്കും ഇല്ലെങ്കില്‍ എന്തു ചെയ്യണമെന്ന ചോദ്യത്തിന് പതിനൊന്നാമത് ഒന്നുകൂടി പ്രസവിക്കുമെന്നായിരുന്നു മകള്‍ പറഞ്ഞത്.

എന്നാല്‍ ഇനിയാണ് വീഡിയോയിലെ ട്വിസ്റ്റ്. ഈ പത്ത് പന്ത്രണ്ട് മക്കളെയൊക്കെ നീ നോക്കുമോ എന്ന അമ്മയുടെ ചോദ്യത്തിന് കുട്ടി നല്‍കുന്ന മറുപടിയാണ് ആളുകളുടെ കണ്ണുതള്ളിക്കുന്നത്. ഈ കുട്ടികളെയൊന്നും താന്‍ നോക്കില്ലെന്നും പകരം കുട്ടികളില്ലാതെ സങ്കടപ്പെടുന്നവര്‍ക്ക് കൊടുക്കുമെന്നും അവരുടെയൊക്കെ സന്തോഷമല്ലേ നമ്മുടെ സന്തോഷമെന്നുമായിരുന്നു മകള്‍ പറഞ്ഞത്.

സംഗതി എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആരാണ് ഈ കുട്ടിയെന്നും എവിടെയാണ് ഈ അമ്മയും മകളുമെന്ന കാര്യം വ്യക്തമല്ല. ഇപ്പോഴത്തെ കുട്ടികളുടെ സ്മാര്‍ട്‌നെസിനേയും കാര്യങ്ങള്‍ തുറന്നുസംസാരിക്കാനുള്ള അവരുടെ കഴിവിനേയും അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തുന്നത്. അതാണ് സ്‌നേഹമെന്നും എല്ലാവര്‍ക്കും സന്തോഷമാണ് പ്രധാനമെന്നും ഇത്രയും പരോപകാരിയെ ജീവിതത്തില്‍ ഇത് വരെ കണ്ടിട്ടില്ലെന്നുമൊക്കെ പറഞ്ഞുള്ള രസകരമായ കമന്റുകളും വീഡിയോയ്ക്ക് വരുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here