വാഷിങ്ടൻ: കോവിഡിനു പിന്നാലെ അമേരിക്കയിൽ സാൽമൊണല്ല രോഗ ഭീതിയും. അണുബാധയെ തുടർന്ന് യുഎസിലെ 37 സംസ്ഥാനങ്ങളിലായി നൂറു കണക്കിനു പേരാണു രോഗ ബാധിതരായത്. ഉള്ളിയിൽ നിന്നാണ് സാൽമൊണല്ല രോഗാണു പടരുന്നത്.
മെക്സിക്കോയിലെ ചിഹുവാഹുവായിൽ നിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിലാണു രോഗണുവിന്റെ ഉറവിടം കണ്ടെത്തിയതെന്നു സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറഞ്ഞു. രോഗ വ്യാപന സാഹചര്യമുള്ളതിനാൽ ലേബലില്ലാത്ത ചുവപ്പ്, വെള്ള, മഞ്ഞ ഉള്ളി ജനം ഉപേക്ഷിക്കണമെന്നു യുഎസ് അധികൃതർ നിർദേശിച്ചു.
ഇതുവരെ 652 പേർക്കു രോഗം ബാധിച്ചു, 129 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. യഥാർഥ രോഗികളുടെ എണ്ണം ഇനിയും കൂടാനാണു സാധ്യതയെന്നു സിഡിസി വ്യക്തമാക്കി.
‘വാങ്ങി വച്ച ഉള്ളി ഉപയോഗിക്കരുത്, വലിച്ചെറിയുക‘
‘രോഗം ബാധിച്ച 75 ശതമാനം പേരും നേരിട്ടോ മറ്റു രൂപത്തിലോ ഉള്ളി ഉപയോഗിച്ചിട്ടുണ്ടെന്നു കണ്ടെത്തി. രോഗബാധിതരായ പലരും ഒരേ റസ്റ്റോറന്റുകളിൽ നിന്നാണു ഭക്ഷണം കഴിച്ചിട്ടുള്ളതും. ചിഹുവാഹുവായിൽ നിന്നുള്ള ഉള്ളി ഒരുകാരണവശാലും വാങ്ങരുത്. ശരിയായ സ്റ്റിക്കറോ പാക്കിങ്ങോ ഇല്ലാതെയുള്ളവ നേരത്തേ വാങ്ങിയിട്ടുണ്ടെങ്കിൽ വലിച്ചെറിയണം’– സിഡിസി വ്യക്തമാക്കി.
ഉള്ളി വച്ചിരുന്ന ഇടങ്ങളെല്ലാം ചൂടു സോപ്പു വെള്ളം ഉപയോഗിച്ചു കഴുകണം. സാൽമണൊല്ല അണുബാധയുള്ള ഉള്ളി കഴിച്ചാൽ വയറിളക്കം, പനി, വയറ്റിൽ അസ്വസ്ഥത തുടങ്ങിയവ വരും. ശരീരത്തിലെത്തി ആറു മണിക്കൂർ മുതൽ ആറു ദിവസം വരെയുള്ള കാലയളവിലാണ് രോഗ ലക്ഷണങ്ങൾ പ്രകടമാവുക. സവാള വിതരണം ചെയ്ത പ്രോസോഴ്സ് കമ്പനി സ്വമേധയാ അവ തിരിച്ചുവിളിച്ചിട്ടുണ്ടെന്നു ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.