2 ഫയലിന് 300 കോടി കൈക്കൂലി വാഗ്ദാനം; വഴങ്ങിയില്ല, മോദി ഒപ്പംനിന്നു: ഗവര്‍ണര്‍

0
369

ന്യൂഡല്‍ഹി∙ അംബാനിയുമായും ആര്‍എസ്എസ് ബന്ധമുള്ളയാളുമായും ബന്ധപ്പെട്ട രണ്ട് ഫയലുകള്‍ക്ക് അനുമതി നല്‍കിയാല്‍ 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നതായി ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ താന്‍ കരാറുകള്‍ റദ്ദാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് പിന്തുണ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയോടു യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും നിലവില്‍ മേഘാലയ ഗവര്‍ണറായ സത്യപാല്‍ മാലിക് പറഞ്ഞു.

‘കശ്മീരില്‍ എത്തിയ ശേഷം രണ്ട് ഫയലുകള്‍ അനുമതിക്കായി മുന്നില്‍ വന്നിരുന്നു. ഒന്ന് അംബാനിയുമായും മറ്റൊന്ന് ആര്‍എസ്എസ് ബന്ധമുള്ള വ്യക്തിയുടെയും ആയിരുന്നു. മെഹബൂബ മുഫ്തി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഇദ്ദേഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ അടുപ്പമുണ്ടെന്നാണു പറഞ്ഞിരുന്നത്. ഈ രണ്ടു കരാറുകളുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നിലനില്‍ക്കുന്നുണ്ടെന്ന് അതത് സെക്രട്ടേറിയറ്റുകളില്‍നിന്ന് അറിയിപ്പ് ലഭിച്ചു. ഫയലുകള്‍ക്ക് അനുമതി നല്‍കിയാല്‍ 150 കോടി രൂപ വച്ച് പ്രതിഫലം ലഭിക്കുമെന്നും സെക്രട്ടറിമാര്‍ അറിയിച്ചു.

എന്നാല്‍ വെറും അഞ്ച് കുര്‍ത്തയും പൈജാമയുമാണ് താന്‍ കശ്മീരിലേക്കു വന്നതെന്നും പോകുമ്പോഴും അതു മാത്രമേ കൈയില്‍ കാണുകയുള്ളുവെന്നും അവരോടു പറഞ്ഞു.’- രാജസ്ഥാനിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവേ സത്യപാല്‍ മാലിക് പറഞ്ഞു. പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

മുന്‍കരുതല്‍ എന്ന നിലയില്‍ കാര്യങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നുവെന്നും സത്യപാല്‍ മാലിക് പറഞ്ഞു. സ്ഥാനം ഒഴിയാന്‍ തയാറാണെന്നു പ്രധാനമന്ത്രിയോടു പറഞ്ഞു. താന്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഫയലുകള്‍ക്ക് അനുമതി നല്‍കില്ലെന്നും അദ്ദേഹത്തെ അറിയിച്ചു. അഴിമതിയോടു യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ മറുപടി. കശ്മീരാണു രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സ്ഥലമെന്നും മുന്‍ഗവര്‍ണര്‍ പറഞ്ഞു. മറ്റിടങ്ങളില്‍ 4-5 ശതമാനം കമ്മിഷനാണ് ആവശ്യപ്പെടുന്നത്. കശ്മീരില്‍ 15 ശതമാനമാണ് കമ്മിഷന്‍. തന്റെ ഭരണകാലത്ത് ഇത് അനുവദിച്ചിരുന്നില്ലെന്നും സത്യപാല്‍ മാലിക് വ്യക്തമാക്കി.

രണ്ട് ഫയലുകളെക്കുറിച്ചു വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലാണെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2018ല്‍ സത്യപാല്‍ മാലിക് ഗവര്‍ണറായിരിക്കെ അനില്‍ അംബാനിയുടെ കമ്പനിയുമായുള്ള ഇന്‍ഷുറന്‍സ് കരാര്‍ റദ്ദാക്കിയിരുന്നു. റിട്ടയര്‍മെന്റിനു ശേഷം താമസിക്കാന്‍ സ്വന്തമായി വീടില്ലെങ്കിലും അതേക്കുറിച്ച് ഓര്‍ത്ത് ആശങ്കയില്ലെന്നും സത്യപാല്‍ മാലിക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here