ദേശീയപാത വികസനത്തിന്റെ ഭാഗമായി തലപ്പാടി മുതല്‍ ചെര്‍ക്കള വരെ നിര്‍മിക്കുന്നത് പത്തുവരിപ്പാതകള്‍; ആറ് വരി പ്രധാനപാതക്കൊപ്പം നാല് സര്‍വീസ് റോഡുകള്‍

0
318

മഞ്ചേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി തലപ്പാടി മുതല്‍ ചെര്‍ക്കള വരെ നിര്‍മിക്കുന്നത് പത്തുവരിപ്പാതകള്‍. ആറ് വരി പ്രധാനപാതക്കൊപ്പം ഇരുഭാഗങ്ങളിലുമായി നാല് സര്‍വീസ് റോഡുകള്‍ കൂടി നിര്‍മിക്കുന്നതിനാലാണ് പത്തുവരിപ്പാതയാകുന്നത്. ആറുവരിപ്പാതയുടെ രണ്ടുവശങ്ങളിലുമായി രണ്ട് വീതം സര്‍വീസ് റോഡുകളാണ് നിര്‍മിക്കുന്നത്. ആറ് മീറ്ററില്‍ കുറയാത്ത സര്‍വീസ് റോഡുകളാണ് ഉണ്ടാകുക. ഇതോടനുബന്ധിച്ച് ഡ്രൈനേജുകളും വൈദ്യുതികമ്പികളും സ്ഥാപിക്കുന്ന ജോലികളും പൂര്‍ത്തിയാക്കും.

ദേശീയപാത വികസനത്തിന്റെ പ്രാരംഭജോലികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. തലപ്പാടി മുതല്‍ മംഗല്‍പ്പാടി വരെ ദേശീയപാതയിലെ ഇരുവശങ്ങളിലുമുള്ള മരങ്ങള്‍ മുറിച്ചുനീക്കിക്കഴിഞ്ഞു. ഹൊസങ്കടി, കുമ്പള ഭാഗങ്ങളില്‍ ദേശീയപാതവികസനത്തിനുള്ള സ്ഥലമൊരുക്കുന്ന ജോലികള്‍ നടന്നുവരികയാണ്. എത്രയും വേഗം റോഡ് നിര്‍മാണപ്രവൃത്തികള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ അധികൃതര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. നിലവിലുള്ള ദേശീയപാതയ്ക്കരികിലെ നിരവധി കെട്ടിടങ്ങള്‍ ഇതിനകം പൊളിച്ചുനീക്കിക്കഴിഞ്ഞു. ജില്ലയിലെ ചില ഭാഗങ്ങളില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ബദല്‍ സൗകര്യമൊരുക്കുന്നതുസംബന്ധിച്ചും നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിന് തടസമായി നില്‍ക്കുന്നു. തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here