റിയാദ്: കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ നീക്കി ജീവിതം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. വാക്‌സിനേഷന്‍ നടപടികളും ഏതാണ്ട് ലക്ഷ്യത്തിലേക്ക് അടുത്തതോടെ ഗള്‍ഫ് രാജ്യങ്ങളും നിയന്ത്രണങ്ങള്‍ എടുത്ത് കളയാനുള്ള ഒരുക്കത്തിലാണ്.
സൗദി അറേബ്യ
ഞായറാഴ്ച മുതല്‍ സൗദി അറേബ്യ മക്ക, മദീന പള്ളികളിലും മറ്റു പൊതുയിടങ്ങളിലും നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും പൂര്‍ണ്ണശേഷിയില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് തുറന്ന സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമില്ലെന്നാണ് സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും, റസ്റ്റോറന്റുകള്‍, കഫേകള്‍, കല്യാണ മണ്ഡപങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് മുനിസിപ്പല്‍, റൂറല്‍ അഫയേഴ്സ് ആന്‍ഡ് ഹൗസിംഗ് മന്ത്രാലയം വ്യക്തമാക്കി. സൗദിയില്‍ 70 ശതമാനത്തോളം പേര്‍ക്കും വാക്‌സിനേഷന്‍ നടത്തിയതായാണ് കണക്കുകള്‍.
യുഎഇ
കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് അതിവേഗത്തില്‍ സാധാരണ നിലയിലേക്ക് ജീവിതം നയിക്കുന്ന രാജ്യങ്ങളിലൊന്നായി മാറുകയാണ് യുഎഇ. ഒരു ലക്ഷത്തോളം യാത്രികര്‍ നിലവില്‍ ദിവസവും ദുബായിലെത്തുന്നുണ്ട്. 95.23 ശതമാനം പേര്‍ക്കും യുഎഇയില്‍ വാക്‌സിനേഷന്‍ നടത്തിയിട്ടുണ്ട്.
യുഎഇയില്‍ നിലവില്‍ ചുരുക്കം കേസുകള്‍ മാത്രമാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്ത് വരുന്നത്. മാസങ്ങള്‍ക്ക് ശേഷം ഞായറാഴ്ച പ്രതിദിനം കോവിഡ് കേസുകളുടെ എണ്ണം നൂറില്‍ താഴെ എത്തിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കടക്കം യുഎഇ അടുത്തിടെ യാത്രാ നിയന്ത്രണങ്ങളും നീക്കിയിരുന്നു.
കുവൈത്ത്
നവംബര്‍ ഒന്ന് മുതല്‍ എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിസ അനുവദിക്കുന്നത് ഇന്ന് കുവൈത്ത് മന്ത്രി സഭയുടെ പരിഗണനയില്‍ വരും. കോവിഡ് നിയന്ത്രണങ്ങളും വിദേശ തൊഴിലാളികളുടെ വരവ് നിലച്ചതും കുവൈത്തില്‍ കടുത്ത തൊഴിലാളി ക്ഷാമം നേരിടാനിടയാക്കിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രോഗികളുടെ എണ്ണവും കുവൈത്തിലിപ്പോള്‍ വളരെ കുറവാണ്.
ഒമാന്‍
ഒമാനില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ യാത്രാ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചിരുന്നു. രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് 14 ദിവസം പിന്നിട്ടവര്‍ക്ക് നിലവില്‍ ഒമാനില്‍ പ്രവേശിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. ഇന്ത്യയില്‍ നല്‍കിയ കോവിഷീല്‍ഡ് കുത്തിവെയ്പ് അടക്കം ഒമാന്‍ അംഗീകരിച്ചിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്താത്തവര്‍ ഒമാനില്‍ എത്തിയതിന് ശേഷം ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാകണം. വാക്‌സിനേഷന്‍ പുരോഗതിയും കോവിഡ് കേസുകളുടെ കുറവും വിലയിരുത്തിയാണ് ഒമാന്‍ നിയന്ത്രണങ്ങള്‍ നീക്കിയത്.