തെരഞ്ഞെടുപ്പ് അടുത്തു; ഇന്ധനവില കുറയ്ക്കാന്‍ തിരക്കിട്ട നീക്കവുമായി കേന്ദ്രം

0
375

ന്യൂദല്‍ഹി: രാജ്യത്ത് ഇന്ധനവില കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേതൃത്വത്തില്‍ ഇടപെടല്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ധനകാര്യമന്ത്രാലയവുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്ര-സംസ്ഥാന നികുതിയില്‍ നേരിയ കുറവ് വരുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്. അസംസ്‌കൃത എണ്ണവില കുറയ്ക്കുന്നത് സംബന്ധിച്ച് എണ്ണയുത്പാദക രാജ്യങ്ങളുമായും കേന്ദ്രം ചര്‍ച്ച നടത്തുന്നുണ്ട്.

അടുത്ത മൂന്നു മാസത്തിനുള്ളില്‍ എണ്ണവില ബാരലിന് 70 ഡോളറിന് താഴെയെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് വിവിധ രാജ്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

105 മുതല്‍ 107 രൂപ വരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില. ഡീസലിനും പാചകവാതകത്തിനും സമാനമായ വിലവര്‍ധനയാണ് ഉണ്ടായത്.

ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

ഇന്ധന വിലവര്‍ധനവ് വഴി കേന്ദ്രസര്‍ക്കാരിന് 88 ശതമാനം അധികവരുമാനമാണ് ലഭിക്കുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3.35 ലക്ഷം കോടി രൂപയാണ് ഇന്ധനനികുതി വര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്.

പെട്രോളിന്റെ എക്സൈസ് തീരുവ കഴിഞ്ഞ വര്‍ഷം 19.98 ല്‍ നിന്ന് 32.9 യിലേക്കാണ് വര്‍ധിപ്പിച്ചത്. ഡീസലിനാകട്ടെ ഇത് 15.83 ല്‍ നിന്ന് 31.8 രൂപയാക്കി. ഇതാണ് കേന്ദ്രസര്‍ക്കാരിന് റെക്കോഡ് വരുമാനം കൊണ്ടുവന്നത്.

പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍, പ്രകൃതിവാതകം എന്നിവ ഉള്‍പ്പെടെയുള്ളവയില്‍ നിന്നുള്ള വരുമാനമാണിത്.

പെട്രോള്‍, ഡീസല്‍ തീരുവയില്‍ നിന്ന് 2019-20ല്‍ 1.78 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത്. 2018-19ല്‍ 2.13 ലക്ഷം കോടിയായിരുന്നു തീരുവയില്‍ നിന്നുള്ള വരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here