ശരിയാക്കാനായി അഴിച്ച പഴഞ്ചൻ റേഡിയോക്കുള്ളിലെ കാഴ്​ച കണ്ട്​ ആദ്യം ടെക്​നീഷ്യൻ ഞെട്ടി; വിവരമറിഞ്ഞപ്പോൾ ഉടമയും

0
529

ചങ്ങരംകുളം: ഇലക്ട്രോണിക് കടയില്‍ അറ്റകുറ്റപ്പണിക്കായി എത്തിച്ച റേഡിയോ അഴിച്ച ടെക്നീഷ്യന്‍ ആ കാഴ്ച കണ്ടപ്പോൾ ഒന്ന് അമ്പരന്നു. ഉപയോഗശൂന്യമാണെന്ന് കരുതിയ റേഡിയോക്കുള്ളില്‍ 500 രൂപയുടെ ഒരു കെട്ട് നോട്ട്. എണ്ണി നോക്കിയപ്പോള്‍ 15000 രൂപ. ചങ്ങരംകുളം ടൗണില്‍ ബസ്റ്റാന്‍റ്​ റോഡിലെ മാര്‍ക്കോണി എന്ന ഇലക്ട്രോണിക്ക് കടയില്‍ നന്നാക്കാന്‍ എത്തിയ റേഡിയോയിലാണ് അപ്രതീക്ഷിതമായ പണക്കെട്ട് കണ്ടെത്തിയത്.

ആദ്യം ഒന്ന് അമ്പരന്നെങ്കിലും ചിറവല്ലൂര്‍ സ്വദേശിയായ ഷറഫുദ്ധീന്‍ എന്ന ടെക്നീഷ്യന്‍ റേഡിയോ നന്നാക്കാന്‍ എത്തിച്ച കല്ലുര്‍മ്മ സ്വദേശികളെ മൊബൈലില്‍ വിളിച്ച് കാര്യം പറഞ്ഞു. പക്ഷേ, അങ്ങിനെയൊരു നോട്ട്​ കെട്ട്​ ഉള്ളകാര്യം ഉടമക്കോ വീട്ടുകാര്‍ക്കും അറിയുമായിരുന്നില്ല.

ഒരു വര്‍ഷം മുമ്പ് മരണപ്പെട്ട പിതാവ് ഉപയോഗിച്ചിരുന്നതാണ്​ റേഡിയോ. ഇത്​ ഉപയോഗശൂന്യമായി വീട്ടില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ട മക്കള്‍ നന്നാക്കാന്‍ കഴിയുമോ എന്നറിയാനാണ് കടയില്‍ എത്തിച്ചത്. അതില്‍ ഇത്രയും വലിയ തുക ഉണ്ടായിരുന്നത് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും പിതാവ് പെന്‍ഷന്‍ പണം ലഭിച്ചത് റേഡിയോയുടെ ബാറ്ററി ബോക്സിനുള്ളില്‍ സൂക്ഷിച്ചതായിരിക്കുമെന്നും വീട്ടുകാര്‍ പറഞ്ഞു.

കാര്യം എന്തായാലും ടെക്നീഷ്യന്‍റെ നല്ല മനസ് കൊണ്ട് റേഡിയോക്കുള്ളിൽ പിതാവ്​ ഒളിപ്പിച്ചുവെച്ച സമ്പാദ്യം യഥാർഥ അവകാശികൾക്ക്​ തന്നെ കിട്ടി. നോട്ടുകൾക്ക്​ ഒരു വർഷത്തെ പഴക്കമേ ഉള്ളൂ എന്നത്​ കൊണ്ട്​ നോട്ടുനിരോധനത്തിൽ കുടുങ്ങിയില്ല എന്ന ആശ്വാസവുമുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here