വാഴ മറിഞ്ഞ് ദേഹത്തുവീണ് തൊഴിലാളിക്ക് പരിക്കേറ്റു, നാലുകോടി നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി

0
393

ഓസ്ട്രേലിയയിലെ ഒരു വാഴത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ വാഴ മറിഞ്ഞ് ദേഹത്ത് വീണ് പരിക്കേറ്റ തൊഴിലാളിയ്ക്ക് നാല് കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. കെയർസ് പോസ്റ്റിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, കുക്ക് ടൗണിനടുത്തുള്ള ഒരു ഫാമിലാണ് സംഭവം.

ജെയിം ലോംഗ്ബോട്ടം എന്നയാൾ ഒരു വാഴത്തോട്ടത്തിൽ കൂലിവേല ചെയ്യുകയായിരുന്നു. എൽ & ആർ കോളിൻസ് ഫാം എന്നാണ് തോട്ടത്തിന്റെ പേര്. അവിടെ കുലകൾ വെട്ടിമാറ്റുന്നതിനിടെ മുന്നിൽ കുലച്ച് നിന്ന ഒരു വലിയ വാഴ അദ്ദേഹത്തിന്റെ ദേഹത്ത് വന്ന് പതിക്കുകയായിരുന്നു. 2016 ജൂണിലായിരുന്നു സംഭവം. ഗുരുതരമായ പരിക്കുകളോടെ തൊഴിലാളിയെ ഉടൻ തന്നെ കുക്ക്‌ടൗണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷേ, സംഭവത്തിന് ശേഷം അയാൾക്ക് ജോലിയ്ക്ക് പോകാൻ സാധിച്ചില്ല. തുടർന്ന്, കമ്പനിയുടെ അശ്രദ്ധമൂലമാണ് തനിക്ക് അപകടം സംഭവിച്ചതെന്ന് കാണിച്ച് അദ്ദേഹം തന്റെ ഉടമയ്‌ക്കെതിരെ ഒരു കേസ് ഫയൽ ചെയ്തു.

അദ്ദേഹത്തിന്റെ ദേഹത്ത് പതിച്ച വാഴകുലയ്ക്ക് 70 കിലോഗ്രാം തൂക്കമുണ്ടെന്ന് കണ്ടെത്തി. കോടതി തൊഴിലാളിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. “70 കിലോ തൂക്കമുള്ള വാഴക്കുലയാണ് ജെയിമിന്റെ ദേഹത്ത് വീണത്. അപകടത്തിന് ശേഷം അദ്ദേഹത്തിന് ഒരു തരത്തിലുള്ള ശാരീരിക ജോലിയും ചെയ്യാൻ കഴിഞ്ഞിട്ടില്ല. അയാൾക്ക് കമ്പനി ശരിയായ പരിശീലനം നൽകിയില്ല. കമ്പനി ശരിയായ പരിശീലനം നൽകിയിരുന്നെങ്കിൽ, അപകടം ഒഴിവാക്കാമായിരുന്നു. ജെയിമിന് നഷ്ടപരിഹാരമായി കമ്പനി 502,740 ഡോളർ നൽകണം” ജഡ്ജി കാതറിൻ ഹോംസ് പ്രസ്താവിച്ചു.

ഒരു സഹ ജീവനക്കാരൻ യന്ത്രം ഉപയോഗിച്ച് അസാധാരണമായ ഉയരമുള്ള ഒരു വാഴ മുറിച്ചപ്പോൾ, ക്രമേണ വളയുന്നതിന് പകരം വാഴ ഒറ്റയടിയ്ക്ക് ജെയിമിന്റെ മേൽ വന്ന് പതിക്കുകയായിരുന്നു. സാധാരണയിൽ കൂടുതൽ ഉയരമുള്ള മരങ്ങൾ സുരക്ഷിതമായ രീതിയിൽ മുറിക്കാൻ താനുൾപ്പെടെയുള്ള എല്ലാവർക്കും ആവശ്യമായ പരിശീലനം കമ്പനി നൽകിയിട്ടില്ലെന്ന് ജെയിം പറഞ്ഞു. ഇടുപ്പിനും വലത് തോളിനും സാരമായ പരിക്കേറ്റ അയാൾക്ക് ഇനിമേൽ ജോലി ചെയ്യാൻ കഴിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here