തിരുവനന്തപുരം(www.mediavisionnews.in): ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയതായി സൂചന. അഭിമന്യുവിന്റെ കൊലപാതകമടക്കം അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. നേരത്തെയും കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കേരളത്തിന്റെ വിയോജിപ്പ് കാരണം നടപടി മന്ദഗതിയില്‍ ആവുകയായിരുന്നു.
നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് വിശദ വിരങ്ങള്‍ തേടിയിരുന്നു. സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. അഭിമന്യുവിന്റെ കൊലപാതകം കൂടാതെ ഗോരക്ഷാ പ്രവര്‍ത്തനം ആരോപിച്ച് പുത്തൂരില്‍ സെെനികന്റെ വീടാക്രമിച്ച സംഭവം, ആര്‍.എസ്.എസ്- സി.പി.എം അക്രമം ലക്ഷ്യമിട്ട് ചവറയില്‍ സി.പി.എം കൊടിമരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബി.ജെ.പി കൊടി കെട്ടിയ സംഭവം എന്നിവ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം ദേശവിരുദ്ധമാണെ റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം തന്നെ ദേശീയ അന്വേഷണ ഏജന്‍സി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കെെമാറിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരുന്നു. രാജ്യത്താകമാനം നിരോധിക്കുന്നതിന്റെ ഭാഗമായാണ് ജാര്‍ഖണ്ഡിലെ നിരോധനമെന്ന് അന്ന് തന്നെ വിലയിരുത്തിയിരുന്നു.