എയര്‍ ഇന്ത്യ ടാറ്റയ്ക്ക്; കൈമാറ്റം 18,000 കോടി രൂപയ്ക്ക്

0
307

ദില്ലി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ ഇനി ടാറ്റ ഗ്രൂപ്പിന് സ്വന്തം. നേരത്തെ ടാറ്റ എയർലൈൻസാണ് ദേശസാത്കരിച്ച് എയർ ഇന്ത്യയാക്കിയത്. 67 വർഷത്തിന് ശേഷമാണ് ഈ വിമാനക്കമ്പനി തിരികെ ടാറ്റ കുടുംബത്തിലേക്ക് എത്തുന്നത്. കേന്ദ്രമന്ത്രിസഭാ സമിതിയാണ് എയർ ഇന്ത്യാ സ്വകാര്യ വത്കരണത്തിന് അംഗീകാരം നൽകിയത്.

എയർ ഇന്ത്യ, എയർ ഇന്ത്യ എന്നിവയുടെ 100 ശതമാനം ഓഹരിയും എയർ ഇന്ത്യ സാറ്റ്സിന്റെ 50 ശതമാനം ഓഹരിയും. ഈ സ്വകാര്യവത്കരണ ടെണ്ടറിൽ പങ്കെടുത്തത് ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റ് ഉടമയായ അജയ് സിങുമാണ്. ബിസിനസ് ഗ്രൂപ്പെന്ന നിലയിലാണ് ടാറ്റ സൺസ് ടെണ്ടറിൽ പങ്കെടുത്തത്. അതേസമയം അജയസ് സിങ് വ്യക്തിപരമായ നിലയിലാണ് പങ്കെടുത്തത്.

സർക്കാർ എയർ ഇന്ത്യക്ക് നിശ്ചയിച്ച അടിസ്ഥാന വില 20000 കോടിക്കടുത്താണ്. ഇതിനേക്കാൾ 3000 കോടി അധികം ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്തതായി നേരത്തെ വാർത്ത വന്നിരുന്നു. എന്നാൽ ടാറ്റ വാഗ്ദാനം ചെയ്തത് 18000 കോടി രൂപയാണ്. അജയ് സിങ് വാഗ്ദാനം ചെയ്തത് ഇതിലും കുറവ് തുകയാണ്. അമിത് ഷാ അദ്ധ്യക്ഷനായുള്ള സമിതിയുടെ അന്തിമ തീരുമാനം വരും മുൻപ് തന്നെ വാർത്ത പുറത്തായിരുന്നെങ്കിലും കേന്ദ്രം ഇത് നിഷേധിച്ചിരുന്നു.

ജീവനക്കാരെയും മറ്റുള്ളവരെയും വിശ്വാസത്തിൽ എടുത്താകും നടപടി പൂർത്തിയാക്കുകയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നടപ്പു സാമ്പത്തിക വർഷം തന്നെ കൈമാറ്റ നടപടി പൂർത്തിയാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.

ടാറ്റ എയർലൈൻസ്

1932 ലാണ് ടാറ്റ തങ്ങളുടെ എയർലൈൻ സ്ഥാപിച്ചത്. ടാറ്റ കുടുംബം തങ്ങളുടെ കുടുംബ ബിസിനസായി സ്ഥാപിച്ച ടാറ്റ എയർലൈൻസിനെ പിന്നീട് എയർ ഇന്ത്യയാക്കി. കേന്ദ്രസർക്കാരിന്റെ ദേശസാത്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു വിമാനക്കമ്പനിയെ ഏറ്റെടുത്തത്. 68 വർഷം കൊണ്ട് കരകയറാനാവാത്ത നിലയിൽ നഷ്ടത്തിന്റെ പടുകുഴിയിലേക്ക് എയർ ഇന്ത്യ വീണു. ഇതോടെയാണ് വിമാനക്കമ്പനിയെ വിറ്റ് കാശാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

2020 ജനുവരിയിലാണ് ആസ്തി വിറ്റഴിക്കാനുള്ള ശ്രമം കേന്ദ്രം തുടങ്ങിയത്. എന്നാൽ കൊവിഡ് മഹാമാരിയുടെ വ്യാപനം മൂലം ഇത് വൈകി. 2019 മാർച്ച് 31 ലെ കണക്ക് പ്രകാരം എയർ ഇന്ത്യക്ക് 60074 കോടി രൂപയുടെ ബാധ്യതയുണ്ട്. 2007 ൽ ഇന്ത്യൻ എയർലൈൻസുമായി ലയിപ്പിച്ചതിന് ശേഷം എയർ ഇന്ത്യ നഷ്ടത്തിൽ നിന്ന് കരകയറിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here