അജ്‍മാന്‍: യുഎഇയില്‍ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പ്രവാസികള്‍ക്ക് വധശിക്ഷ. അജ്‍മാനിലെ വീട്ടില്‍ അതിക്രമിച്ച് കയറി 1,09,000 ദിര്‍ഹം മോഷ്‍ടിക്കുകയും മുന്‍കൂട്ടി ആസൂത്രണം ചെയ്‍തതനുസരിച്ച് കൊലപാതകം നടത്തുകയും ചെയ്‍തതിനാണ് അജ്‍മാന്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. പ്രതികളില്‍ ഒരാള്‍ ഇനിയും പിടിയാലാവാനുണ്ട്.
21 വയസ് മുതല്‍ 39 വയസ്‍ വരെ പ്രായമുള്ള ഏഷ്യക്കാരാണ് കേസില്‍ പിടിയിലായത്. കൊല്ലപ്പെട്ട വ്യവസായിയെ ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് ഒരു സുഹൃത്ത് അന്വേഷിച്ച് വീട്ടിലെത്തുകയായിരുന്നു. അവിടെയും കാണാത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. വീട്ടിലെ ഫ്രിഡ്‍ജിനുള്ളില്‍ നിന്നാണ് മൃതദേഹം പൊലീസ് സംഘം കണ്ടെടുത്തത്.
കെട്ടിടത്തിലെ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലയാളികളെ സംബന്ധിച്ച് വിവരം ലഭിച്ചത്. വ്യവസായി താമസിച്ചിരുന്ന അതേ കെട്ടിടത്തില്‍ തന്നെ അഞ്ചംഗ സംഘം വീട് വാടകയ്‍ക്കെടുത്താണ് കൊലപാതകം ആസൂത്രണം ചെയ്‍തത്. വീട്ടിലേക്ക് വരികയായിരുന്ന വ്യവസായിയെ രണ്ട് പേരാണ് പിന്തുടര്‍ന്നത്.
കൃത്യം നടത്തുന്നതിന് രണ്ടര മണിക്കൂര്‍ മുമ്പാണ് പ്രതികളെല്ലാം അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഇറങ്ങിയത്. കൊലപാതകത്തിന് ശേഷം മൂന്ന് പേര്‍ തിരിച്ച് അപ്പാര്‍ട്ട്മെന്റില്‍ തന്നെയെത്തി. രണ്ട് പേര്‍ രാജ്യം വിടാനായി വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്‍തു. അപ്പാര്‍ട്ട്മെന്റിലെത്തി മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്‍തു.
വ്യാപാരിയുടെ പണം കൊള്ളയടിക്കാനായി മറ്റ് നാല് പേര്‍ക്കൊപ്പം കൊലപാതകം ആസൂത്രണം ചെയ്‍തതായി കേസിലെ മൂന്നാം പ്രതി സമ്മതിച്ചു. വ്യവസായി എത്തുന്നതിന് ഒരു മണിക്കൂര്‍ മൂമ്പ് മൂന്ന് പ്രതികള്‍ എ.സി വെന്റിലൂടെ അകത്ത് പ്രവേശിച്ച് വീട്ടിനുള്ളില്‍ കാത്തിരുന്നു. പല തവണ കുത്തിയാണ് സംഘം വ്യവസായിയെ കൊലപ്പെടുത്തിയത്. ശേഷം പണവുമായി ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു.