ഗുവാഹത്തി: അസമിൽ പൊലീസിന്റെ നേതൃത്വത്തിൽ നടന്ന കുടിയിറക്കൽ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അസം മനുഷ്യാവകാശ കമീഷൻ. സംഭവം അന്വേഷിക്കാൻ മൂന്നാഴ്ചക്കകം പ്രത്യേക കമീഷനെ നിയമിക്കണമെന്നും സംസ്ഥാന സർക്കാറിനോട് കമീഷൻ നിർദേശിച്ചു. വിഷയത്തിൽ സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ടത് സെപ്റ്റംബർ 25ന് പ്രതിപക്ഷ നേതാവ് ദേവബ്രത ൈസക്കിയ നൽകിയ പരാതിയിൽ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് നടപടി മനുഷ്യാവകാശ ലംഘനവും യു.എൻ മാർഗനിർദേശ ലംഘനവുമാണെന്ന് കമീഷൻ നിരീക്ഷിച്ചത്.
സിപജ്ഹർ നഗരത്തിൽ മാത്രം 1000 കുടുംബങ്ങൾക്ക് വീടു നഷ്ടപ്പെട്ടതായി വ്യക്തമായതായി കമീഷൻ അറിയിച്ചു. വിഷയത്തിൽ അന്വേഷണ കമീഷനെ നിയമിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് കമീഷൻ നിർദേശിച്ചു. ഇതിനായി പ്രിൻസിപ്പൽ സെക്രട്ടറി, ആഭ്യന്തര, രാഷ്ട്രയകാര്യ മന്ത്രാലയം എന്നിവർക്ക് കത്തയക്കണമെന്ന് രജിസ്ട്രിക്കും നിർദേശം നൽകിയതായും കമീഷൻ വ്യക്തമാക്കി.
അതേസമയം, പൊലീസ് നരനായാട്ടിലൂടെ കുടിയിറക്കിവിട്ട ദോൽപൂരിലെ പാവപ്പെട്ട ജനങ്ങൾക്ക് അസം സർക്കാർ അടിയന്തരമായി സൗജന്യ ഭൂമി അനുവദിക്കണമെന്ന് ആൾ അസം ന്യൂനപക്ഷ വിദ്യാർഥി യൂനിയൻ (ആംസു) ആവശ്യപ്പെട്ടു. ചൊവ്വാഴ്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ സന്ദർശിച്ചാണ്, സംഭവത്തിന് ശേഷം സർക്കാർ വാഗ്ദാനം ചെയ്ത ഭൂമി കാലതാമസം കൂടാതെ ഇരകൾക്ക് നൽകണമെന്ന് ആംസു നേതാക്കൾ ആവശ്യപ്പെട്ടത്. കുടിയിറക്കപ്പെട്ട ഓരോ കുടുംബത്തിനും ആറു ബൈഗ (3.71 ഏക്കർ) ഭൂമി സൗജന്യമായി നൽകണമെന്ന് ആംസു ജനറൽ സെക്രട്ടറി എം.ഡി ഇംത്യാസ് ഹുസൈൻ പറഞ്ഞു. ഈ ഭൂമിയിൽ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിക്ക് കീഴിൽ വീടു നിർമിച്ചു നൽകാൻ സർക്കാർ നടപടിയെടുക്കണം.
വിഷയത്തിൽ മുഖ്യമന്ത്രിയുമായി നടന്ന ചർച്ച ആശാവഹമായിരുന്നു. നിയമപരമായി സംസ്ഥാന സർക്കാറിന്റെ ഭൂനയത്തിന് കീഴിൽ വരുന്ന എല്ലാവർക്കും ഭൂമി അനുവദിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്. കുടിയിറക്കപ്പെട്ട എല്ലാവർക്കും ആരോഗ്യം, ശുചിത്വം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി അനുവദിക്കും. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച തീരുമാനം ജുഡീഷ്യൽ അന്വേഷണത്തിന് ശേഷം എടുക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നതെന്നും ഇംത്യാസ് ഹുസൈൻ കൂട്ടിച്ചേർത്തു.