കാസർഗോഡ്: ദേശീയപാത ആറുവരിയാക്കുന്നതിന്റെ നിർമാണ പ്രവൃത്തി കാസർകോട്, തളിപ്പറമ്പ് റീച്ചുകളിൽ ഉടൻ ആരംഭിക്കും. തലപ്പാടി മുതൽ ചെങ്കള വരെ നാലിനും ചെങ്കള മുതൽ ബാക്കി ഭാഗം 15ഓടെയും പണി തുടങ്ങും. തലപ്പാടിയിൽ നിന്നാണ് നിർമാണം തുടങ്ങുക. സർവീസ് റോഡുകളാണ് ആദ്യം നിർമിക്കുന്നത്.
ഗതാഗതം ക്രമീകരണത്തിന് സംവിധാനമുണ്ടാക്കിയ ശേഷമാകും ആറുവരി പാത നിർമാണം തുടങ്ങുക. റോഡിന്റെ അതിർത്തികൾ കൃത്യമായി മാർക്ക് ചെയ്യുകയാണ് ഇപ്പോൾ. ഇത് മഞ്ചേശ്വരം വരെ എത്തി. മരം മുറിക്കൽ ഉപ്പള വരെയായി. കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നുണ്ട്. ഊരാളുങ്കൽ സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്. 39 കിലോമീറ്റർ ദൂരമാണ് തലപ്പാടി മുതൽ ചെങ്കള വരെയുള്ളത്.
കറന്തക്കാട് മുതൽ കാസർകോട് പുതിയ ബസ് സ്‌റ്റാൻഡ് കഴിഞ്ഞ് മിലൻ ഗ്രൗണ്ട് വരെ നീളുന്ന 1.06 കിലോ മീറ്റർ നീളമുള്ള മേൽപ്പാലം, കുമ്പള, മൊഗ്രാൽ, ഷിറിയ, ഉപ്പള എന്നിവിടങ്ങളിലെ പ്രധാന പാലങ്ങൾ, മറ്റ് നാല് ചെറുപാലങ്ങൾ എന്നിവയുടെ മണ്ണ് പരിശോധന പൂർത്തിയായി. ചെറുപാലങ്ങളിൽ നിർമാണത്തിനുള്ള പ്രാരംഭ പ്രവർത്തനവും തുടങ്ങിയിട്ടുണ്ട്.