സംസ്ഥാനത്ത് അപ്രതീക്ഷിത വൈദ്യുതി പ്രതിസന്ധി: വൈകിട്ട് ആറ് മുതൽ ഉപഭോ​ഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി

0
197

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിത വൈദ്യുത പ്രതിസന്ധി രൂപപ്പെട്ടതിനാൽ വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. ഇന്ന് വൈകിട്ട് ആറ് മുതൽ രാത്രി പത്ത് മണി വരെയുള്ള നാല് മണിക്കൂർ വൈദ്യുത ഉപഭോഗം നിയന്ത്രിക്കണമെന്നാണ് കെഎസ്ഇബിയുടെ അഭ്യർത്ഥന.

കേന്ദ്ര പൂളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടിൻ്റെ കുറവുണ്ടായതാണ് അപ്രതീക്ഷിത വൈദ്യുതി പ്രതിസന്ധിക്ക് കാരണം. പവർ ഏക്സേഞ്ചിൽ നിന്നും റിയൽ ടൈം ബേസിസിൽ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹിക്കാൻ ശ്രമം തുടരുകയാണെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് കേരളത്തിൻ്റെ വൈദ്യുതി ആവശ്യങ്ങൾ പൂർണമായും നിറവേറ്റാനാവത്തതിനാൽ കേന്ദ്രപൂളിൽ നിന്നും കൂടംകുളം ആണവവൈദ്യുതി നിലയത്തിൽ നിന്നുമുള്ള വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി കേരളത്തിൻ്റെ ദൈനംദിന വൈദ്യുതി ആവശ്യം നിറവേറ്റുന്നത്.

ഈ വിഭാഗത്തിൽ കേന്ദ്രപൂളിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയിലാണ് ഇപ്പോൾ അപ്രതീക്ഷിതമായി തടസ്സം സംഭവിച്ചിരിക്കുന്നത്. വൈകിട്ട് ആറ് മണി മുതൽ രാത്രി പത്ത് വരെയുള്ള സമയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗം ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഈ നാല് മണിക്കൂറിൽ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here