കൊല്ലം: ഇരുപത്തിയൊന്നുകാരിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം. കൊല്ലം ജില്ലയിലെ ചാത്തന്നൂരിലാണ് ജസീമ ദസ്തക്കീർ എന്ന ഇരുപത്തിയൊന്നുകാരിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാക്കിയത്. ചാത്തന്നൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള വയലിക്കട ബ്രാഞ്ച് സമ്മേളനമാണ് ജസീമയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ബ്രാഞ്ച് സെക്രട്ടറിയാണ് ജസീമയെന്ന് നേതാക്കൾ പറയുന്നു.
ബാലസംഘത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക് വന്ന ജസീമ ദസ്തക്കീർ, പിന്നീട് എസ്. എഫ്. ഐ യൂണിറ്റ് സെക്രട്ടറി, ലോക്കൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എസ് എഫ് ഐ ചാത്തന്നൂർ ജോയിന്‍റ് സെക്രട്ടറിയും മാതൃകം ജില്ലാ കമ്മിറ്റി അംഗവും, ഡി വൈ എഫ് ഐ മേഖലാ ജോയിന്‍റ് സെക്രട്ടറിയുമാണ് ജസീന. പിതാവ് ദസ്തക്കീർ സി പി എം ചാത്തന്നൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമാണ്.
ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സിപിഎം നിരവധി പ്രായംകുറഞ്ഞ വനിതകളെ മത്സരരംഗത്ത് ഇറക്കിയിരുന്നു. പിന്നീട് നിർണായക പദവികളിലേക്കും യുവതികളെ സിപിഎം കൊണ്ടുവന്നു. തിരുവനന്തപുരം മേയറായി ബാലസംഘം സംസ്ഥാന പ്രസിഡന്‍റ് ആര്യ രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടത് വലിയ വാർത്തയായിരുന്നു. പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുമ്പോൾ എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാവ് ആയിരുന്ന രേഷ്മ മറിയം റോയിക്കും 21 വയസ് മാത്രമായിരുന്നു.
ഇത്തവണ സിപിഎം സംഘടനാ സമ്മേളനങ്ങളിലേക്ക് കടന്നപ്പോൾ ബ്രാഞ്ച് സെക്രട്ടറിമാരായി കൂടുതൽ വനിതകൾക്ക് അവസരം നൽകിയിരുന്നു. സമ്മേളനത്തിൽ പ്രതിനിധികളായി കൂടുതൽ വനിതകൾ പങ്കെടുക്കുന്നതും പുതിയ കാഴ്ചയാണ്. കണ്ണൂർ ജില്ലയിലാണ് ബ്രാഞ്ച് സെക്രട്ടറിമാരായി വനിതകൾ കൂടുതലായി തെരഞ്ഞെടുക്കപ്പെടുന്നത്. അതേസമയം പ്രായം കുറഞ്ഞ വനിതാ ബ്രാഞ്ച് സെക്രട്ടറി എന്ന നേട്ടവുമായാണ് കൊല്ലം ചാത്തന്നൂരിലെ ജസീന ദസ്തക്കീർ ഇനി സംഘടനാ പ്രവർത്തനങ്ങളിൽ നിറയുക..