തിരുവനന്തപുരം: സംസ്ഥാനത്ത് ഡബ്ല്‌യു.ഐ.പി.ആർ മാനദണ്ഡത്തിൽ മാറ്റം. ഒരു വാർഡിലെ ആകെ ജനസംഖ്യയിൽ എത്രപേർ രോഗികളാകുന്നുവെന്ന് കണക്കാക്കുന്ന ഡബ്ല്‌യു.ഐ.പി.ആർ എട്ടിൽ നിന്ന് 10 ആക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വാർഡുകൾ തുറക്കാനാണ് സർക്കാർ തീരുമാനം. നവംബർ ഒന്ന് മുതൽ സ്കൂൾ തുറക്കാനും തീരുമാനമായിട്ടുണ്ട്. അതേസസമയം, ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിലും ബാറുകൾ തുറക്കുന്നതിലും ഇന്നത്തെ അവലോകന യോഗത്തിലും തീരുമാനമായില്ല. തീയറ്ററുകളും അടഞ്ഞ് തന്നെ കിടക്കും.
കോളേജുകൾ തുറക്കുന്നതിന് പിന്നാലെ സ്കൂളുകളും തുറക്കാനാണ് സർക്കാർ തീരുമാനം. ഒന്നരവർഷമായി അടഞ്ഞ് കിടക്കുന്ന സ്കൂളുകളിൽ മുന്നൊരുങ്ങൾ തുടങ്ങാൻ തീരുമാനമായി. ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസുകളും 10,12 ക്ലാസുകളും തുടങ്ങും. നവംബർ 15 മുതൽ എല്ലാ ക്ലാസുകളും തുടങ്ങും. ഒക്ടോബർ ആദ്യ വാരമാണ് നിയന്ത്രണങ്ങളോട് കോളേജുകൾ തുറക്കുന്നത്. പ്ലസ് വണ്‍ പരീക്ഷയുമായി മുന്നോട്ട് പോകാൻ സുപ്രീംകോടതി തീരുമാനം വന്നതാണ് സ്കൂളുകൾ തുറക്കുന്നതിലും സർക്കാരിനെ പ്രേരിപ്പിക്കുന്നത്. കുട്ടികൾക്ക് അടക്കം എത്രപേർക്ക് കൊവിഡ് പ്രതിരോധമുണ്ടെന്ന പഠനവും ഈ ഇടവേളയിൽ പൂർത്തിയാക്കാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. ആദ്യഡോസ് വാക്സിനേഷൻ 80 ശതമാനം കടന്നതും കേരളത്തിന് അനുകൂല ഘടകമാണ്. അതേസമയം, ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്നതടക്കം കൂടുതൽ ഇളവുകളിലേക്ക് ഇന്നത്തെ അവലോകനയോഗവും കടന്നില്ല. നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം.