‘ജിഎസ്‍ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയില്ല’, പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബാലഗോപാല്‍

0
217

ന്യൂഡല്‍ഹി: ചരക്കു സേവന നികുതിയിൽ (ജിഎസ്ടി) ഉള്‍പ്പെടുത്തിയാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. വില കുറയണമെങ്കില്‍ ജിഎസ്ടിയിലേക്ക് കൊണ്ടുവരികയല്ല, സെസ് ഒഴിവാക്കിയാല്‍ മതി. ജിഎസ്ടിയില്‍ പെടുത്തിയാല്‍ കുറയും എന്നുള്ളത് തെറ്റിധരിപ്പിക്കുന്ന പ്രചരണമാണ്. ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് കൊണ്ട് പ്രത്യേക ഗുണം ഉണ്ടാകില്ല. മുമ്പില്ലാത്ത തരത്തില്‍ വലിയ തോതില്‍ സെസ് കൊടുക്കുന്ന ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ് ഇക്കാര്യം പറയുന്നതെന്നും ഡല്‍ഹിയില്‍ വാർത്താസമ്മേളനത്തില്‍ ബാലഗോപാല്‍ പറഞ്ഞു.

പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുമോ, കൊണ്ടുവന്നാല്‍ ഇവയുടെ വില വലിയ രീതിയില്‍ കുറയില്ലേ എന്ന പ്രചരണം കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരു കേസ് വന്നതിനെ തുടര്‍ന്ന് ജിഎസ്ടി കൗണ്‍സില്‍ ഇക്കാര്യം പരിശോധിക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അതുകൊണ്ട് ഇക്കാര്യം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയിലുണ്ടായിരുന്നു. ജിഎസ്ടിയില്‍ വന്നാല്‍ പെട്രോളിന്റെയും ഡീസലിന്റേയും വില വലിയ തോതില്‍ കുറയുമെന്ന് കേരളത്തില്‍ ഉള്‍പ്പെടെ വ്യാപകമായ ഒരു പ്രചാരണമുണ്ട്. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ വലിയ തോതില്‍ ഈ പ്രചാരണം അഴിച്ചുവിടുന്നുണ്ട്.

ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് കൊണ്ട് പ്രത്യേക ഗുണം ഉണ്ടാകില്ല. ഇപ്പോള്‍ തന്നെ ഡീസലിന് 28 രൂപയും പെട്രോളിന് 26 രൂപയും പ്രത്യേക സെസായി കേന്ദ്രം പിരിക്കുന്നുണ്ട്. നാല് രൂപ ഡീസലിന് കാർഷിക സെസായും ഇത് കൂടാതെ വേറെ സെസും പിരിക്കുന്നുണ്ട്. അതുകൊണ്ട് വില കുറയണമെങ്കില്‍ ജിഎസ്ടിയിലേക്ക് കൊണ്ടുവരികയല്ല, സെസ് ഒഴിവാക്കിയാല്‍ മതിയെന്ന് അഭിപ്രായം മുന്നോട്ട് വെച്ചു. സമാനമായ രീതിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അഭിപ്രായം വന്നു. സംസ്ഥാനങ്ങളുടെ അഭിപ്രായം ജിഎസ്ടിയിലേക്ക് പോകേണ്ടതില്ല എന്നതായിരുന്നു.

പെട്രോളും ഡീസലും ജിഎസ്ടിയില്‍ പൊടുത്തിയാല്‍ വില കുറയും എന്ന് മുമ്പില്ലാത്ത തരത്തില്‍ വലിയ തോതില്‍ സെസ് കൊടുക്കുന്ന ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ് ഇക്കാര്യം പറയുന്നത്. സംസ്ഥാനങ്ങളുടെ താല്പര്യം സംരക്ഷിക്കണമെങ്കില്‍ നിലവിലുള്ള സംവിധാനം തന്നെയാണ് വേണ്ടത്. ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ നിലവില്‍ സംസ്ഥാനത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന നികുതിയുടെ പകുതി നഷ്ടമാകും. എത്ര പിരിച്ചാലും സംസ്ഥാനത്തിന് പകുതിയേ കിട്ടു. കേരളത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന നികുതിയുടെ ഭീമമായ ഭാഗം വീണ്ടും നഷ്ടപ്പെടും. അത് സംസ്ഥാനത്തെ ബാധിക്കും. മറ്റ് സംസ്ഥാനങ്ങള്‍ക്കും ഈ പ്രശ്‌നമുണ്ട്.

ഭക്ഷ്യ ആവശ്യത്തിനുള്ള എണ്ണയ്ക്ക് പൊതുവിൽ നികുതി കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ വെളിച്ചെണ്ണയ്ക്ക് മാത്രം വേര്‍തിരിച്ച് നികുതി ഏര്‍പ്പെടുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ച വേണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. ഇത് ഉപഭോക്താവിനേയും കര്‍ഷകരേയും ഒരുപോലെ ബാധിക്കുമെന്നതിനാല്‍ മാറ്റിവെക്കാന്‍ തീരുമാനമായി. 2.5 ലക്ഷം കോടിയിലധികം ഇപ്പോള്‍ തന്നെ കടമെടുത്തിട്ടുണ്ടെന്ന് ധനകാര്യ മന്ത്രി പറഞ്ഞു. അത് കൊടുത്തുതീരാന്‍ തന്നെ അഞ്ച് വര്‍ഷമെടുക്കും. ഇപ്പോള്‍ പിരിക്കുന്ന സെസ് അഞ്ച് വര്‍ഷം കൂടി തുടര്‍ന്നാല്‍ മാത്രമേ എടുത്ത കടം തിരിച്ചടയ്ക്കാന്‍ പറ്റൂവെന്നും ധനകാര്യ മന്ത്രി പറഞ്ഞതായും ബാലഗോപാല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here