ബെംഗളൂരു ∙ കുടുംബ വഴക്കിനെ തുടർന്ന് ബെംഗളൂരുവിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ ആത്മഹത്യ ചെയ്തു. രണ്ടു വയസ്സുകാരിയെ പൊലീസ് രക്ഷപ്പെടുത്തി. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് കുഞ്ഞിനെ രക്ഷിക്കുന്നത്. മരിച്ചവരിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞും ഉണ്ട്. മൃതദേഹങ്ങൾ ജീർണിച്ച അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
എച്ച്.ശങ്കർ എന്നയാളുടെ കുടുംബമാണ് ആത്മഹത്യ ചെയ്ത്. മകളുടെ ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളെ ചൊല്ലി കലഹിച്ച ശങ്കർ, വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. പലതവണ ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് ശങ്കർ വീട്ടിലേക്ക് തിരിച്ചെത്തി. അപ്പോഴേക്കും അഞ്ച് പേർ ആത്മഹത്യ ചെയ്തിരുന്നു.
ഇയാളുടെ ഭാര്യ (50), 27 വയസ്സുള്ള മകൻ, 30 വയസ്സിനു മുകളിൽ പ്രായമുള്ള രണ്ട് പെൺമക്കൾ എന്നിവരാണ് തൂങ്ങിമരിച്ചത്. ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് പട്ടിണി കിടന്നാണ് മരിച്ചതെന്നാണു റിപ്പോർട്ട്. രക്ഷപ്പെട്ട രണ്ടുവയസ്സുകാരി ആശുപത്രിയിൽ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)