വേട്ടക്കാരന് ഹലേലുയ്യ പാടുന്നവര്‍, ഇരയെ ആശ്വസപ്പിക്കുന്നതിന് പകരം വേട്ടക്കാരന് സിന്ദാബാദ് വിളിക്കുന്നു; മന്ത്രി വാസവനെതിരെ സമസ്ത

0
266

വിദ്വേഷ പ്രസംഗം നടത്തിയ പാലാ ബിഷപ്പിനെ പ്രകീർത്തിച്ച മന്ത്രി വി.എൻ വാസവനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത. ഇരയെ ആശ്വസപ്പിക്കുന്നതിന് പകരം മന്ത്രി വേട്ടക്കാരന് സിന്ദാബാദ് വിളിക്കുന്നുവെന്ന് സമസ്ത മുഖപത്രത്തിലെ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.  ഒരു സമുദായത്തെ അതിക്രമിച്ചവർക്കെതിരെ നടപടിയെടുക്കാതെ അരമനകൾ കയറിയിറങ്ങുന്നത് അപമാനകരമാണെന്നും എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടെ ലേഖനത്തിൽ കുറ്റപ്പെടുത്തി.

എങ്ങനെയാണ് ഒരു മതവിഭാഗത്തെ അടച്ച് ആക്ഷേപിക്കുന്നൊരു പുരോഹിതന് മന്ത്രിക്ക് പോയി ഗുഡ്‌സർട്ടിഫിക്കറ്റ് നൽകാനാകുക എന്നും ‘വിദ്വേഷ പ്രചാരണം വേട്ടക്കാരന് ഹലേലുയ്യ പാടുമ്പോൾ’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ പറയുന്നു.

മന്ത്രി വാസവന്‍, പാലാബിഷപ്പ് ഹൗസിൽ പോയി ജോസഫ് കല്ലറങ്ങാട്ടിനെ കണ്ടതിന് ശേഷം വിവാദ പ്രസ്താവന അടഞ്ഞ അധ്യായമാണെന്നും അതിനെതിരെ പ്രതികരിക്കുന്നവർ ഭീകരവാദികളാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇത് എൽ.ഡി.എഫ് സർക്കാറിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാടാണോ എന്നറിയാന്‍ താൽപര്യമുണ്ടെന്നാണ് എഡിറ്റോറിയിൽ പേജിൽ എഴുതിയ ലേഖനത്തിലൂടെ മുസ്തഫ മുണ്ടുപാറ ചോദിക്കുന്നത്.

കേരളത്തിലെ മദ്യപാനത്തിന് അടിമപ്പെട്ടവരുടെ മതം തിരിച്ച കണക്കെടുത്താല്‍ അതില്‍ ഒന്നാം സ്ഥാനത്ത് ക്രിസ്തീയ സമുദായമാണ്. ഏഴ് ശതമാനമാണ് ക്രിസ്തീയ സമുദായത്തിലെ മദ്യപരുടെ എണ്ണം. രണ്ടാം സ്ഥാനത്ത് ആറ് ശതമാനമുള്ള ഹൈന്ദവ വിഭാഗക്കാരാകുമ്പോള്‍ മുസ്‌ലിം സമുദായം ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. കേരളത്തിലെ മദ്യഷാപ്പുകളുടെയും ബീവറേജ് ഔട്ട് ലെറ്റുകളുടെയും കണക്കെടുത്താല്‍ അതിന്റെ ഉടമസ്ഥരില്‍ നാമമാത്രമായി പോലും മുസ്‌ലിം വിഭാഗത്തില്‍ പെട്ടവരെ കാണാന്‍ കഴിയില്ലെന്നും ലേഖനത്തിൽ പറയുന്നു.

അതേസമയം വിദ്വേഷ പ്രചാരണങ്ങളില്‍ സർക്കാർ നടപടി ആവശ്യപ്പെട്ട് സമസ്ത രംഗത്ത് എത്തി. പാലാ ബിഷപ്പിന്‍റെ നാർകോട്ടിക് ജിഹാദ് പരാമർശവും തു‍ട‍‍ര്‍ന്നുള്ള വിവാദവും ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന നിലപാടാണ് സമസ്തക്ക്. വിദ്വേഷ പ്രസംഗ വിഷയത്തില്‍ സർക്കാർ കർശന നടപടി എടുക്കണമെന്ന് സമസ്ത ആവശ്യപ്പെടുന്നുണ്ട്. അതോടൊപ്പം ജിഹാദിനെക്കുറിച്ച് തെറ്റായ പ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ ജിഹാദിന്‍റെ ഇസ് ലാമിക പരികല്പന വിശദീകരിക്കാന്‍ പ്രചാരണം നടത്താനും സമസ്ത ആലോചിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here