റാവല്‍പിണ്ടി: പാകിസ്ഥാന്‍- ന്യൂസിലന്‍ഡ് നിശ്ചിത ഓവര്‍ ക്രിക്കറ്റ പരമ്പര റദ്ദാക്കി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസിലന്‍ഡ് പരമ്പരയില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇന്ന് ആദ്യ ഏകദിനം നടക്കാനിരിക്കെയാണ് പിന്മാറ്റം. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങുന്നതായിരുന്നു പരമ്പര.
ടീമിന് തിരിച്ചെത്താനുള്ള എല്ലാം ക്രമീകരണങ്ങളും നടത്തിയതായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് അറിയിച്ചു. എന്നാല്‍ എല്ലാ ടീമുകള്‍ക്കും ഒരുക്കുന്നത് പോലെ കനത്ത സുരക്ഷയാണ് കിവീസ് ടീമിനും നല്‍കിയിട്ടുള്ളതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ന്യൂസിലന്‍ഡ് അധികൃതരുമായി സംസാരിക്കുകയും ചെയ്തു.
പരമ്പര മാറ്റി നിശ്ചയിക്കാനും പിസിബി തയ്യാറായിരുന്നു. എന്നാല്‍ പിന്മാറുകയാണെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് വ്യക്തമാക്കി. പാകിസ്ഥാന്‍ ബോര്‍ഡിനെ ഈ പിന്മാറ്റം വിഷമിപ്പിക്കുമെന്നും എന്നാല്‍ താരങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
18 വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍ പര്യടനത്തിനായി എത്തിയത്. 2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബസിന് നേരെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ പര്യടനം നടത്താന്‍ പ്രധാന ടീമുകള്‍ വിസമ്മതിച്ചിരുന്നു. ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്ക പാകിസ്ഥാനില്‍ കളിച്ചിരുന്നു.