ന്യൂഡൽഹി: ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ഒഴിയുമെന്ന വിരാട് കോലിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച് അധികാരത്തർക്കം. ടീമിന്റെ ഉപനായക സ്ഥാനത്തു നിന്ന് രോഹിത് ശർമ്മയെ നീക്കം ചെയ്യാൻ കോലി ചരടുവലി നടത്തിയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. രോഹിതിന് പകരം ഏകദിനത്തിൽ കെഎൽ രാഹുലിന്റെയും ടി20യിൽ റിഷഭ് പന്തിന്റെയും പേരുകൾ ക്യാപ്റ്റൻ ബിസിസിഐയോട് നിർദേശിച്ചു എന്നാണ് റിപ്പോർട്ട്.
34 വയസ്സായ രോഹിതിന്റെ പ്രായം ചൂണ്ടിക്കാട്ടിയാണ് കോലി ഉപനായകനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. ഇരുവരും തമ്മിൽ വർഷങ്ങളായി തുടരുന്ന ‘ശീതയുദ്ധം’ അതിന്റെ മൂർധന്യത്തിലാണ് എന്നാണ് ക്രിക്കറ്റ് വൃത്തങ്ങൾ പറയുന്നത്. ഡ്രസിങ് റൂമിൽ ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഈഗോയും പരസ്യമാണ്.
ജോലി ഭാരത്തെ തുടർന്നാണ് ടി20 സ്ഥാനം ഒഴിയുന്നത് എന്നാണ് കോലി ഇൻസ്റ്റഗ്രാം കുറിപ്പിൽ അറിയിച്ചിരുന്നത്. പരിശീലകൻ രവിശാസ്ത്രി, ബിസിസിഐ ഭാരവാഹികൾ, സെലക്ടർമാർ, മുതിർന്ന താരം രോഹിത് ശർമ്മ എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം കൈക്കൊണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും കോലി തന്നെ ക്യാപ്റ്റനായി തുടരും.
അതിനിടെ, ടി20 ക്യാപറ്റൻ സ്ഥാനത്തേക്ക് രോഹിത് ശർമ്മയല്ലാതെ മറ്റൊരു പേര് ബിസിസിഐക്ക് മുമ്പിലില്ല. മുംബൈ ഇന്ത്യൻസിന്റെ നായകൻ എന്ന നിലയിൽ മികച്ച അനുഭവ സമ്പത്തും ഇന്ത്യൻ ഓപണർക്കുണ്ട്.