പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉടന്‍ ഉള്‍പ്പെടുത്തില്ല

0
207

പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉടന്‍ ഉള്‍പ്പെടുത്തില്ലെന്ന് റിപ്പോര്‍ട്ട്. 45-ാമത് ജി.എസ്.ടി കൗൺസിൽ യോഗം ഇന്ന് ലഖ്നൗവിൽ ചേരാനിരിക്കെയാണ് കേന്ദ്ര തീരുമാനം. ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്യും.

പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമോ എന്ന് ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും. ജി.എസ്.ടിയില്‍ ഉൾപ്പെടുത്തുന്നത് എത്രകാലം നീട്ടിക്കൊണ്ട് പോകാനാകുമെന്നാണ് കേന്ദ്രത്തിന്റെ ചോദ്യം. പെട്രോളും ഡ‍ീസലും എപ്പോൾ ജി.എസ്.ടി പരിധിക്ക് കീഴിലാക്കാൻ പറ്റുമെന്ന കാര്യത്തിൽ ഒരു സമയപരിധിയെങ്കിലും തീരുമാനിക്കാനാകും കേന്ദ്ര ശ്രമം. ജി.എസ്.ടി സംവിധാനത്തില്‍ വരുത്തുന്ന മാറ്റത്തിന് സമിതിയിൽ ഉള്ള നാലില്‍ മൂന്ന് അംഗങ്ങളുടെ അനുമതി വേണമെന്നതാണ് ചട്ടം.

ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലേ എന്ന് കേരള ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ആറാഴ്ചക്കകം വിഷയത്തില്‍ നിലപാടറിയിക്കാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം.

അതേസമയം ഒരു ലിറ്റർ പെട്രോളിന് 26 രൂപ പ്രത്യേക സെസായി കേന്ദ്രം ഇപ്പോൾ ശേഖരിക്കുന്നുണ്ട്. ഇത് ഒരു ടാക്സ് നിയമത്തിലും വരുന്നതല്ല. ഈ സെസ് കുറക്കുകയാണ് കേന്ദ്രം ചെയ്യേണ്ടത് എന്നും പെട്രോളിനെയും ഡീസലിനെയും ജി എസ് ടിയിൽ ഉൾപ്പെടുത്തിയാൽ കേരളത്തിന്റെ വരുമാനം കുറയും എന്നുമാണ് കേരളത്തിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here