തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഥവാ ടി പി ആർ പ്രസിദ്ധികരിക്കുന്നത് സർക്കാർ നിർത്തി. ഒരു ഡോസ് വാക്സീൻ എങ്കിലും സ്വീകരിച്ചവരുടെ എണ്ണം 80.17ശതമാനം ആയതോടെയാണ് ഈ നടപടി. കൊവിഡിന്റെ വ്യാപനതോത് അറിയുന്നതിനായാണ് ടി പി ആർ കണക്കാക്കിയിരുന്നത്.
ഒരു ദിവസം ആകെ പരിശോധിക്കുന്ന രോഗികളിൽ എത്ര പേർക്ക് രോഗം എന്ന് കണക്കാകുന്നതാണ് ടി പി ആർ . കൊവിഡ് വ്യാപനം തീവ്രമാണോ അല്ലയോ , കേരളം അടക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിച്ചിരുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇതാണ് സർക്കാർ അവസാനിപ്പിച്ചത്. ഇന്നലെ പുറത്തിറക്കിയ കൊവിഡ് കണക്കിലെ ഓദ്യോഗിക വാർത്താകുറിപ്പിലും ഡബ്ല്‌യു ഐ പി ആർ മാത്രമാണുളളത്. ടി പി ആർ അടിസ്ഥാനമാക്കിയുള്ള അടച്ചിടൽ ശാസ്ത്രീയമല്ലെന്ന വാദങ്ങൾക്കിടെയാണ് സർക്കാർ നീക്കം. ഇനി മുതൽ ഒരു വാർഡിലെ ആകെ ജനസംഖ്യയിൽ എത്രപേർ രോഗികളാകുന്നുവെന്ന് കണക്കാക്കുന്ന ഡബ്ല്‌യു ഐ പി ആർ ആകും വ്യാപനത്തോതും അടച്ചിടലും തീരുമാനിക്കുന്നതിന്റെ അടിസ്ഥാനം.
സെപ്റ്റംബർ 15വരെ വാക്സീൻ എടുക്കേണ്ട ജനസംഖ്യയുടെ 80.17ശതമാനം പേർ ഒരു ഡോസ് വാക്സീനും 32.17ശതമാനം പേർ രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചിട്ടുണ്ട്. ഇതാണ് പുതിയ തീരുമാനത്തിലേക്കെത്താൻ കാരണം. ഇതോടെ കൂടുതൽ ഇളവുകളും കേരളം ആലോചിക്കുന്നുണ്ട്. അടച്ചിട്ട കൂടുതൽ മേകലകൾ തുറക്കുന്നതും ഇളവുകളും ശനിയാഴ്ച ചേരുന്ന അവലോകന യോഗം തീരുമാനിക്കും.
അതേസമയം സർക്കാരിന്റെ വാർത്താക്കുറിപ്പിൽ ടി പി ആർ ഇല്ലെങ്കിലും അത് കണ്ടെത്താൻ എളുപ്പമാണ്. പരിശോധനകളുടെ എണ്ണവും രോഗികളുടെ എണ്ണവും ഉപയോഗിച്ച് ടി പി ആർ കണക്കാക്കാനാകും.