മാഞ്ചസ്റ്റർ: ചെമ്പട്ടുവിരിച്ച ഓൾഡ് ട്രാഫോഡ് മൈതാനത്തേയും ഭൂഗോളത്തിലുള്ള കാൽപന്ത് ആരാധകരെയും ഉന്മാദനത്തിലാറാടിച്ച് ക്രിസ്റ്റോനോ റൊണാൾഡോയുടെ രാജകീയ മടങ്ങിവരവ്. 12 വർഷങ്ങൾക്കും 124 ദിവസങ്ങൾക്കുമപ്പുറം ചെങ്കുപ്പായത്തിൽ റൊണാൾഡോയുടെ കാലുകൾ വീണ്ടും ഗോൾ ചുരത്തിയപ്പോൾ യുനൈറ്റഡിന് സ്വന്തം മൈതാനത്ത് ആവേശ ജയം.
ന്യൂകാസിൽ യുനൈറ്റഡിനെ ഒന്നിനെതിരെ നാലുഗോളുകൾക്കാണ് യുനൈറ്റഡ് തകർത്തത്.ഇരട്ടഗോളുകളുമായി റൊണാൾഡോ മത്സരം സ്വന്തം പേരിലെഴുതിയപ്പോൾ പോർച്ചുഗീസുകാരൻ തന്നെയായ ബ്രൂണോ ഫെർണാണ്ടസ് മൂന്നാംഗോൾ നേടി ടീമിന്റെ വിജയമുറപ്പിച്ചു. മത്സരം അവസാനിക്കാനിരിക്കേ ജെസ്സി ലിൻഗാർഡിന്റെ വകയായിരുന്നു നാലാംഗോൾ.