കൊച്ചി: വധൂവരന്മാര്‍ ഓണ്‍ലൈനില്‍ ഹാജരായി വിവാഹം നടത്താനുള്ള സാങ്കേതിക സൗകര്യം ഒരുക്കാനാകുമെന്ന് സര്‍ക്കാര്‍. ഓണ്‍ലൈനില്‍ വിവാഹത്തിന് അനുമതിതേടി തിരുവനന്തപുരം സ്വദേശിനി ധന്യ മാര്‍ട്ടിന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയാലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിദേശത്തായതിനാലാണ് ഹര്‍ജിക്കാര്‍ ഓണ്‍ലൈനില്‍ വിവാഹത്തിന് അനുമതി തേടിയത്.
ഐ.ടി.വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സെക്രട്ടറി മുഹമ്മദ് വൈ സഫറുള്ള, ഐ.ടി.മിഷന്‍ ഡയറക്ടര്‍ എന്നിവര്‍ ഓണ്‍ലൈനില്‍ ഹാജരായാണ് ഇക്കാര്യം ഹൈക്കടതിയെ അറിയിച്ചത്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോടതിയുടെ നിര്‍ദ്ദേശമുണ്ടെങ്കില്‍ വധൂവരന്മാര്‍ക്ക് ഓണ്‍ലൈനില്‍ വിവാഹിതരാകാനുള്ള സൗകര്യമൊരുക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
അതേ സമയം വിവാഹത്തിനായി ഓണ്‍ലൈനില്‍ ഹാജരാകുമ്പോഴുണ്ടാകുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ സ്റ്റേറ്റ് അറ്റോര്‍ണി എന്‍. മനോജ് കുമാര്‍ ചൂണ്ടിക്കാട്ടി. ആളെ തിരിച്ചറിയുന്നതിലും വധൂവരന്മാരുടെ മാനസിക നില വിലയിരുത്തുന്നതുമടക്കം ഓണ്‍ലൈനില്‍ കല്യാണത്തില്‍ വെല്ലുവിളിയാകുമെന്നും, സാങ്കേതികകാര്യങ്ങളില്‍ പിന്തുണ നല്‍കാനാകും. എന്നാല്‍, സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ ഭേദഗതി വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും അറ്റോണി ജനറല്‍ വിശദീകരിച്ചു. ഹര്‍ജിയില്‍ കോടതി ഉടന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും.