വനിതാ ക്രിക്കറ്റിനോടുള്ള നടപടിയില്‍ പ്രതിഷേധം; അഫ്ഗാനുമായുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്നും പിന്മാറി ഓസ്‌ട്രേലിയ

0
281

സിഡ്‌നി: വനിതാ ക്രിക്കറ്റിനോടുള്ള താലിബാന്‍റെ സമീപനത്തില്‍ പ്രതിഷേധിച്ച് അഫ്‌ഗാനിസ്ഥാനുമായുള്ള ചരിത്ര ടെസ്റ്റ് മത്സരത്തില്‍ നിന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്‍മാറി. ഈ വര്‍ഷം നവംബര്‍ 27 മുതല്‍ ഹൊബാര്‍ട്ടില്‍ നടക്കേണ്ടിയിരുന്ന മത്സരത്തിന് ആതിഥേയത്വം വഹിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ ടെസ്റ്റിനാണ് ഹൊബാര്‍ട്ട് വേദിയാവേണ്ടിയിരുന്നത്.

ക്രിക്കറ്റ് അടക്കമുള്ള ഒരു കായിക മത്സരങ്ങളിലും പങ്കെടുക്കാന്‍ അഫ്ഗാനിസ്ഥാനിലെ സ്‌ത്രീകളെ അനുവദിക്കില്ലെന്ന് താലിബാന്‍ ബുധനാഴ്‌ച വ്യക്തമാക്കിയിരുന്നു.

ഐസിസിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഒരു ദേശീയ വനിതാ ടീം ഉണ്ടാവണമെന്നാണ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ മാനദണ്ഡം. ഇത് പാലിക്കുന്നവര്‍ക്ക് മാത്രമാണ് ടെസ്റ്റ് കളിക്കാന്‍ അനുമതി ഐസിസി നല്‍കുന്നത്. അതിനാല്‍ തീരുമാനം പുരുഷ ക്രിക്കറ്റ് ടീമിന്‍റെ ടെസ്റ്റ് മത്സരങ്ങളെ ബാധിക്കില്ലേയെന്ന ചോദ്യത്തിന് വിട്ടുവീഴ്‌ച ചെയ്യില്ലെന്നായിരുന്നു താലിബാന്‍റെ സാംസ്കാരിക കമ്മീഷന്‍ ഡെപ്യൂട്ടി ചീഫ് അഹമ്മദുള്ള വാസിക് മറുപടി നല്‍കിയത്. വിഷയത്തില്‍ ഐസിസി എന്ത് സമീപനം സ്വീകരിക്കും എന്നത് പ്രധാനമാണ്.

എന്നാല്‍ സ്‌ത്രീകളോടുള്ള താലിബാന്‍റെ നയത്തില്‍ ശക്തമായ പ്രതിഷേധമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഉയര്‍ത്തുന്നത്. ‘ആഗോളതലത്തിൽ വനിതാ ക്രിക്കറ്റിന്റെ വളർച്ചയില്‍ പങ്കുവഹിക്കുക ക്രിക്കറ്റ് ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. എല്ലാവര്‍ക്കും വേണ്ടിയുള്ള കായികയിനമാണ് ക്രിക്കറ്റ് എന്നതാണ് ഞങ്ങളുടെ കാഴ്‌ചപ്പാട്. ക്രിക്കറ്റില്‍ എല്ലാ തലത്തിലും സ്‌ത്രീകളെ പിന്തുണയ്‌ക്കുന്നു. താലിബാന്‍ അഫ്ഗാനിസ്ഥാനിലെ വനിതാ ക്രിക്കറ്റിനെ പിന്തുണയ്‌ക്കില്ലെന്ന സമീപകാല മാധ്യമവാര്‍ത്തകള്‍ സ്ഥിരീകരിച്ചാൽ ഹൊബാർട്ടിൽ നടക്കേണ്ട ടെസ്റ്റ് മത്സരത്തില്‍ നിന്ന് പിന്‍മാറുകയല്ലാതെ മറ്റ് മാർഗങ്ങളില്ല’ എന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here