സി.എ.എയ്‌ക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട്; ബി.ജെ.പിയും അണ്ണാ ഡി.എം.കെയും ഇറങ്ങിപ്പോയി

0
217

ചെന്നൈ: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സര്‍ക്കാര്‍. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതേതരതത്വങ്ങള്‍ക്ക് വിരുദ്ധമാണ് പൗരത്വഭേദഗതി നിയമമെന്നും ഇത് രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കുമെന്നും പ്രമേയഅവതരണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു.

അഭയാര്‍ത്ഥികളെ അവരുടെ അവസ്ഥ മനസിലാക്കി സംരക്ഷിക്കേണ്ടതിന് പകരം രാജ്യത്തിന്റെയും അവരുടെ മതത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയാണ് സി.എ.എ ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ വിഭാഗം ജനങ്ങളുടെയും ആശങ്കകളും അഭിലാഷങ്ങളുമെല്ലാം കണക്കിലെടുത്തുവേണം ഒരു രാജ്യത്തിന്റെ ഭരണം നടക്കേണ്ടതെന്നത് ജനാധിപത്യതത്വമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രമേയം പാസാക്കുന്നതിനെതിരെ ബി.ജെ.പി അംഗങ്ങളും അണ്ണാ ഡി.എം.കെ അംഗങ്ങളും പ്രതിഷേധിച്ചു. പ്രമേയാവതരണത്തില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ 2019 ല്‍ നിയമം പാസാക്കിയപ്പോള്‍ എ.ഐ.എ.ഡി.എം.കെ സി.എ.എയെ അനുകൂലിച്ചിരുന്നു. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സി.എ.എ റദ്ദാക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് ജനങ്ങള്‍ക്ക് അണ്ണാ ഡി.എം.കെ വാഗ്ദാനം നല്‍കിയിരുന്നു. ഇപ്പോള്‍ സി.എ.എയ്ക്കെതിരായ ഡി.എം.കെ സര്‍ക്കാരിന്റെ പ്രമേയത്തെ അണ്ണാ ഡി.എം.കെ എതിര്‍ക്കുകയാണ്.

നേരത്തെ കേരളം, രാജസ്ഥാന്‍, പഞ്ചാബ് സര്‍ക്കാരുകളും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. 2019ല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ പൗരത്വ ഭേദഗതി നിയമം കഴിഞ്ഞ ജനുവരി 10 മുതലാണ് പ്രാബല്യത്തില്‍ വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here