കോഴിക്കോട്: കുഞ്ഞാലിക്കുട്ടിക്ക് എതിരായ ഏ ആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതി ആരോപണത്തില്‍ ജലീലിനെ മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ജലീലിന് പറയേണ്ട മറുപടി മുഖ്യമന്ത്രി പറഞ്ഞു. വഴിയേ പോകുന്നവര്‍ക്ക് മറുപടി പറയേണ്ട ബാധ്യത ലീഗിനില്ല. ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടികള്‍ ആരോപണമുന്നയിച്ചാല്‍ മറുപടി പറയാം. എആര്‍ നഗര്‍ ബാങ്കില്‍ പ്രശ്‍നമുണ്ടെങ്കില്‍ അന്വേഷിക്കേണ്ടത് സഹകരണ വകുപ്പെന്നും സലാം പറഞ്ഞു.
മുസ്ലീം ലീഗ് എംഎല്‍എ പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെയുളള ഏ ആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതി ആരോപണം ഇഡി അന്വേഷിക്കണമെന്ന ജലീലിന്‍റെ ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു. ഇഡി അന്വേഷിക്കണമെന്ന ആവശ്യം സാധാരണ നിലയിൽ ഉന്നയിക്കാൻ പാടില്ലാത്തതാണ്. സഹകരണമേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ പരിധിയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനാണെന്നും അദ്ദേഹത്തിന് തന്നെ ശാസിക്കാമെന്നും ഉപദേശിക്കാമെന്നും അതിനുള്ള എല്ലാ അധികാരവും ഉണ്ടെന്നും ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തിറങ്ങി. ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിച്ച കുഞ്ഞാലിക്കുട്ടിക്ക് എതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്ക് എതിരെയും അനധികൃത സ്വത്തു സമ്പാദനത്തിന് എതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്നും ജലീല്‍ പറഞ്ഞു.