കൊല്‍ക്കത്ത: ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബി.ജെ.പിയില്‍ കൊഴിഞ്ഞുപോക്ക്. ബി.ജെ.പി എം.എല്‍.എ സൗമന്‍ റോയിയാണ് പാര്‍ട്ടി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്.
തൃണമൂല്‍ വിട്ടാണ് സൗമന്‍ ബി.ജെ.പിയില്‍ എത്തിയത്. സൗമന്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തുന്ന വിവരം തൃണമൂല്‍ നേതാവ് പാര്‍ത്ഥ ചാറ്റര്‍ജിയാണ് അറിയിച്ചത്.
നേരത്തെ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ഒഴിവുള്ള മൂന്ന് സീറ്റുകളായ സംസര്‍ഗഞ്ച്, ജംഗിപൂര്‍, ഭവാനിപൂര്‍ എന്നിവടങ്ങളില്‍ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 30 ന് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.അതേസമയം, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും.
ഇത്തവണ നിയമസഭാതെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിച്ച മമത തോറ്റിരുന്നു. മുന്‍ അനുയായിയും പിന്നീട് ബി.ജെ.പി സ്ഥാനാര്‍ഥിയുമായ സുവേന്തു അധികാരിക്കെതിരെയാണ് മമത നന്ദിഗ്രാമില്‍ മത്സരിച്ചത്.
തെഞ്ഞെടുപ്പില്‍ തോറ്റെങ്കിലും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയായിരുന്നു. ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടി വരും.
ഭവാനിപുരില്‍ നിന്നും ജയിച്ച തൃണമൂല്‍ എം.എല്‍.എ ഷോഭന്‍ദേബ് ചതോപാധ്യായാണ് മമതയ്ക്ക് മത്സരിക്കുന്നതിനു വേണ്ടി രാജിവെച്ചത്. മമതയുടെ മണ്ഡലം കൂടിയാണ് ഭവാനിപുര്‍.2011 ലും 2016 ലും ഭവാനിപുരില്‍ നിന്നാണ് മമത മത്സരിച്ച് ജയിച്ചത്.