മംഗളൂരു : ദുബായിയിൽനിന്ന് നാട്ടിലെത്തിയ മലയാളി വീട്ടമ്മയ്ക്ക് തീവ്രവാദബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് പോലീസിൽ പരാതി നൽകി. ബൽത്തങ്ങാടി നെരിയയിലെ മലയാളിയായ കെ.ആർ. ചിദാനന്ദനാണ് ഭാര്യ രാജി രാഘവന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ദക്ഷിണ കന്നഡ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
രാജി 11 വർഷമായി ദുബായിൽ ജോലി ചെയ്യുകയാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. ജൂലായ് 11-ന് സ്വന്തം വീട്ടിലെത്തിയ രാജി മക്കളെ തന്നോടൊപ്പം ദുബായിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 26-ന് നെരിയ നായ്ക്കട്ടെയിലെ ഭർത്തൃവീട്ടിലെത്തിയ ഇവർ മക്കൾക്കൊപ്പം ഉറങ്ങാൻ കിടന്നതാണ്. അടുത്തദിവസം രാവിലെ രാജിയെ കാണാതായി. 95,000 രൂപയും സ്വർണാഭരണങ്ങളുമായാണ് ഇവർ വീടുവിട്ടത്.
രാജിയെ കാണാതായതായി ഭർത്താവ് ധർമസ്ഥല പോലീസിൽ പരാതിയും നൽകി. ഇതിൽ അന്വേഷണം നടത്തിയ ധർമസ്ഥല പോലീസ് രാജി മംഗളൂരുവിലെ ഒരു ആയുർവേദ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നും 10 ദിവസത്തെ ചികിത്സ കഴിയുന്നതുവരെ കാത്തിരിക്കണമെന്നും ചിദാനന്ദനോട് പറഞ്ഞിരുന്നു.
രാജി വീട്ടിൽനിന്ന് പോയശേഷം ലക്ഷദ്വീപിൽനിന്ന് ചിദാനന്ദയെ ഫോണിൽ വിളിച്ച് രാജിയെയും മക്കളെയും അയാൾക്കൊപ്പം അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഇതോടെയാണ് ചിദാനന്ദ എസ്.പി.ക്ക് പരാതി നൽകിയത്.
രാജിക്ക് ദുബായിലെ തീവ്രവാദിസംഘടനയുമായി ബന്ധമുണ്ടെന്നും ഈ സംഘടനയെക്കുറിച്ചും തന്നെ ഫോൺവിളിച്ച് ഭീഷണിപ്പെടുത്തുന്നവരെക്കുറിച്ചും അന്വേഷിക്കണമെന്നും ജീവഹാനി ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.