അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ് ചർച്ച. സ്ത്രീസുരക്ഷയെക്കുറിച്ച് താലിബാൻ ഉറപ്പു നൽകുന്നുണ്ടെങ്കിലും അത് വിശ്വസനീയമല്ലെന്നു ചരിത്രം അറിയുന്നവർ പറയുന്നു. ഇപ്പോൾ പുറത്തു വരുന്ന ദാരുണസംഭവങ്ങൾ കൂടി ചേർത്തു വായിക്കുമ്പോൾ പ്രതീക്ഷകൾ അസ്ഥാനത്താകുന്നു.
അഫ്ഗാന്‍ സ്വദേശിയും ജേണലിസം വിദ്യാര്‍ഥിനിയുമായ നജ്മ സദേഖി യൂട്യൂബില്‍ പോസ്റ്റു ചെയ്ത വിഡിയോ ലോകമനസാക്ഷിയെ തന്നെ അസ്വസ്ഥമാക്കുന്നു. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത് നാലാം ദിവസം നജ്മ യൂട്യൂബില്‍ ഒരു വിഡിയോ കൂടി പോസ്റ്റു ചെയ്തു. മുന്‍ വിഡിയോകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി അഫ്ഗാനിസ്ഥാനിലെ തന്റെയും സമാന അവസ്ഥയിലുള്ളവരുടേയും ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് അവര്‍ അവസാനത്തെ വിഡിയോയില്‍ പങ്കുവെച്ചത്. ഈ വിഡിയോ പോസ്റ്റു ചെയ്ത് മണിക്കൂറുകള്‍ക്കകം 20കാരി കൊല്ലപ്പെടുകയും ചെയ്തു.
നജ്മ സദേഖിയുടെ അവസാന വിഡിയോയില്‍ അവര്‍ സംസാരിച്ചു തുടങ്ങും മുൻപേ മുഖഭാവത്തില്‍ നിന്നു തന്നെ കാര്യങ്ങള്‍ പാടെ മാറിയത് വ്യക്തമായിരുന്നു. ഏതാണ്ട് 2.40 കോടിയിലേറെ വ്യൂസ് ലഭിച്ച നജ്മയുടെ യൂട്യൂബ് ചാനലില്‍ നേരത്തെ പോസ്റ്റു ചെയ്തിരുന്ന വിഡിയോകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു അവസാന വ്ലോഗ്. ‘ഇത് ഞങ്ങളുടെ അവസാന വിഡിയോയാണ്. ഞങ്ങള്‍ക്ക് വീടുകളില്‍ നിന്നും പുറത്തിറങ്ങാനോ ജോലി ചെയ്യാനോ അനുമതിയില്ല. അവസാനമായി എല്ലാവരോടും യാത്ര പറയുകയാണ്’ എന്നു പറഞ്ഞു തുടങ്ങിയ നജ്മയുടെ വാക്കുകള്‍ അറംപറ്റുകയായിരുന്നു.
തെരുവില്‍ നടക്കാന്‍ പോലും ഭീതിയാണെന്നും തനിക്കു വേണ്ടി പ്രാര്‍ഥിക്കണമെന്നും നജ്മ അവസാനം പോസ്റ്റു ചെയ്ത വിഡിയോയില്‍ പറഞ്ഞിരുന്നു. ‘കാബൂളിലെ ജീവിതം വളരെ ദുസ്സഹമാണ്. പ്രത്യേകിച്ചും അടുത്തകാലം വരെ സ്വതന്ത്രമായും സന്തോഷത്തോടെയും കഴിഞ്ഞിരുന്നവര്‍ക്ക്. ഇതൊരു ദുഃസ്വപ്‌നമായിരുന്നെങ്കിലെന്ന് ആശിച്ചുപോവുന്നു. ഒരു ദിവസം ഈ ദുഃസ്വപ്‌നത്തില്‍ നിന്നും ഉണരാനാകുമെന്നും പ്രതീക്ഷിക്കുന്നു’ എന്നു പറയുമ്പോള്‍ നജ്മ വിതുമ്പി പോവുന്നുണ്ട്. കണ്ണീര്‍ തുടച്ച ശേഷം അവര്‍ തുടരുന്നത് ഇങ്ങനെയാണ് ‘സത്യത്തില്‍ അത് സംഭവ്യമല്ലെന്ന് എനിക്കറിയാം. ഞങ്ങളുടെ പ്രതീക്ഷകള്‍ അവസാനിച്ചുവെന്നതാണ് യാഥാര്‍ഥ്യം’.
അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തുകടക്കാനുള്ള ശ്രമങ്ങള്‍ക്കിടെ കാബൂള്‍ വിമാനത്താവളത്തില്‍ വച്ചു നടന്ന ഭീകരാക്രമണത്തിലാണ് നജ്മ കൊല്ലപ്പെട്ടത്. നജ്മയുടെ സുഹൃത്ത് റോഷിന അഫ്ഷറാണ് മരണം സ്ഥിരീകരിച്ചത്. സുരക്ഷിതമല്ലാത്ത അവസ്ഥയിലൂടെയാണ് താനും കടന്നുപോകുന്നതെന്ന് റോഷിനയും പറഞ്ഞു. നജ്മയുടെ അഫ്ഗാന്‍ ഇന്‍സൈഡര്‍ എന്ന യൂട്യൂബ് ചാനലുമായി സഹകരിച്ച എല്ലാവരും ആശങ്കയിലാണ്. കാബൂളിലെ ഒരു ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു നജ്മ.