ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷപ്രതികരണവുമായി രാഹുല്‍ ഗാന്ധി. ഏഴു വര്‍ഷത്തിനിടിയില്‍ 23 ലക്ഷം കോടി രൂപയാണ് പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനവിലൂടെ സര്‍ക്കാര്‍ നേടിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് ജി.ഡി.പി വര്‍ധനയെന്നാല്‍ ഗ്യാസ്, ഡീസല്‍, പെട്രോള്‍ വിലയവര്‍ധനയാണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.
ഇന്ധന വില വര്‍ധനവിലൂടെ ലഭിക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതൈന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. രാജ്യത്ത് കഴിഞ്ഞ ഏഴു വര്‍ഷമായി വില്‍പ്പനയും വാങ്ങലും മാത്രമാണ് നടക്കുന്നത്.
യു.പി.എ സര്‍ക്കാര്‍ ഒഴിയുമ്പോള്‍ എല്‍.പി.ജിക്ക് വില 410 രൂപയായിരുന്നു. ഇന്നത് 116 ശതമാനം വര്‍ധിച്ച് 885 രൂപയായി. ഏഴു വര്‍ഷം കൊണ്ട് പെട്രോള്‍ വിലയില്‍ 42 ശതമാനവും, ഡീസല്‍ വില 55 ശതമാനവുമാണ് വര്‍ധിച്ചത്. ജി.ഡി.പി ഉയരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നതില്‍ നിന്നും മനസ്സിലാക്കേണ്ടത് പെട്രോള്‍ – ഡീസല്‍ – ഗ്യാസ് വില കൂടുന്നുവെന്നാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനയാണ് രാജ്യത്തെ ഇന്ധന വിലവര്‍ധനക്ക് കാരണമായി പറയുന്നത്. 2014 മുതല്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞുകൊണ്ടിരിക്കെയാണ് ഇന്ത്യയില്‍ കൂടിയ വിലക്ക് ഇന്ധനം നല്‍കുന്നതെന്നും രാഹുല്‍ പറഞ്ഞു.
സാമ്പത്തിക തിരിച്ചടി മൂലം ഇന്ത്യയുടെ സാമ്പത്തിക രംഗം 1990 കാലഘട്ടത്തിലേതിനു തുല്യമായ ദുരന്തത്തെയാണ് നേരിടുന്നത്. മാറ്റം കൊണ്ടുവരാമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയതാണ് നരേന്ദ്ര മോദി. എന്നാല്‍ രാജ്യത്ത് എവിടെയാണ് മാറ്റം വന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.